അജയ് മിശ്രയെയും മകനെയും അറസ്റ്റ് ചെയ്യണം; യോഗി സര്‍ക്കാരിന് അന്ത്യശാസനവുമായി കിസാന്‍ മോര്‍ച്ച

Update: 2021-10-06 03:47 GMT

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെയും മകനെയും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് കിസാന്‍ മോര്‍ച്ച് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എഫ്‌ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് നീണ്ടാല്‍ കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

ലഖിംപുര്‍ സംഘര്‍ഷത്തില്‍ പോലിസ് ഇട്ട എഫ്‌ഐആറില്‍ മന്ത്രിയുടെ മകന്റെ പേരുമുണ്ട്. കര്‍ഷകര്‍ക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്‌ഐആര്‍. അപകടമുണ്ടാക്കുന്ന രീതിയില്‍ ആശിഷ് വാഹനം കര്‍ഷകര്‍ക്ക് നേരെ ഓടിച്ചെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതോടെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.

അതിനിടെ, അനുമതി നിഷേധിച്ചെങ്കിലും ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനൊരുങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ലഖിംപുര്‍ ഖേരിയിലും ,ലക്‌നൗവിലും നിലനില്‍ക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനനാനുമതി യുപി സര്‍ക്കാര്‍ തള്ളിയത്. രാവിലെ പത്ത് മണിക്ക് രാഹുല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിയോടെ ലഖിംപുര്‍ ഖേരിയിലെത്തുന്ന രാഹുല്‍ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നാണ് എ ഐ സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

അതേ സമയം പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലിസ് കേന്ദ്രത്തില്‍ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ലംഖിപുര്‍ ഖേരി സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.

Tags: