ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റു

Update: 2022-09-10 12:05 GMT

ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. 73 വയസ്സുകാരനായ ചാള്‍സ് മൂന്നമനാണ് ബ്രിട്ടനില്‍ അധികാരമേറ്റ ഏറ്റവും പ്രായമുള്ള രാജാവ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്. ഇന്നലെ ചാള്‍സ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞി. അമ്മ കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചെന്നും ചാള്‍സ് അനുസ്മരിച്ചു.

ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടനില്‍ രാജാവിന്റെ സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നെങ്കിലും മറ്റ് ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. വിവിധ ലോകനേതാക്കള്‍ ചടങ്ങിനെത്തും. ജോര്‍ജ് ആറാമന്‍ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂര്‍ണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ദുഃഖാചരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് നടന്നത്.

ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീര്‍ഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വനേട്ടത്തിനുടമയായിരുന്നു എലിസബത്ത്. സ്‌കോട്ട്‌ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. 2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീര്‍ഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോര്‍ഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Tags:    

Similar News