ചാള്‍സ് രാജാവിന്റെ കിരീടധാരണം മെയ് 6ന്

വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലായിരിക്കും കിരീടധാരണച്ചടങ്ങുകള്‍ നടക്കുകയെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന സൂചന.

Update: 2022-10-12 02:14 GMT

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് 6ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണ് രാജകുടുംബം ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലായിരിക്കും കിരീടധാരണച്ചടങ്ങുകള്‍ നടക്കുകയെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന സൂചന.

സെപ്തംബര്‍ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. 1066ല്‍ വില്യം ദി കോണ്‍ക്വറര്‍ മുതല്‍ ഇംഗ്ലണ്ടിലെയും പിന്നീട് ബ്രിട്ടനിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും രാജാക്കന്മാന്മാരുടേയും രാജ്ഞികളുടേയും കിരീടധാരണച്ചടങ്ങ് നടന്നിട്ടുള്ളത് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വച്ചാണ്.

ചാള്‍സ് 41ാമത്തെ രാജാവാണ്. രാജവംശത്തിന്റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്ന് ബക്കിംഗ്ഹാം കൊട്ടാരം ട്വീറ്റ് ചെയ്തു. പാരമ്പര്യത്തിലൂന്നിയുള്ളതും ഭാവിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടുള്ളതുമായിരിക്കും ആഘോഷപരിപാടികള്‍. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാല്‍ ലളിതവുമായ ചടങ്ങില്‍ കാമില രാജ്ഞിയെയും കിരീടമണിയിക്കും.

കിരീടധാരണ വേളയില്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. ചെങ്കോല്‍ സ്വീകരിച്ച ശേഷം ആര്‍ച്ച് ബിഷപ്പ് സെന്റ് എഡ്വേര്‍ഡിന്റെ കിരീടം രാജാവിന്റെ തലയില്‍ അണിയിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട വിവരം അടിസ്ഥാനപ്പെടുത്തി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 70 വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ആദ്യത്തെ കിരീടധാരണ ചടങ്ങായിരിക്കും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. 1953 ജൂണില്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് അവസാനം നടന്നത്. 1902ല്‍ എഡ്വേര്‍ഡ് VII ന് ശേഷം ഇതാദ്യമായാണ് ഒരു രാജാവ് ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ കിരീടമണിയുക. എലിസബത്ത് രാഞ്ജിയുടെ കിരീടധാരണ ചടങ്ങ് ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ചടങ്ങ് ചെറുതും വൈവിധ്യമാര്‍ന്നതും വളരെ കുറച്ച് അതിഥികളുള്ളതുമായിരിക്കും എന്നാണ് കൊട്ടാരവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    

Similar News