കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപ്പിടിത്തം; ഭിത്തി തകര്‍ന്നുവീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപ്പിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഭിത്തി തകര്‍ന്നുവീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. കിന്‍ഫ്രാ പാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ സംഭരണ കേന്ദ്രത്തിന്റെ വാടകകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായ്. തീ അണയ്ക്കുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത് (32) മരണപ്പെട്ടത്. മതില്‍ പൊളിച്ചുകയറുമ്പോള്‍ ഭിത്തി ദേഹത്തേക്ക് വീണാണ് ദാരുണാന്ത്യം. പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരണപ്പെട്ടത്. അതേസമയം, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നേരത്തേയും ഇവിടെ തീപ്പിടിത്തമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ഉഗ്ര ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടായത്. സുരക്ഷാജീവനക്കാരന്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റും അപകടസ്ഥലത്തെത്തിയാണ് തീയണച്ചത്. പത്ത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്നാണ് റിപോര്‍ട്ട്. നാലുമണിക്കൂറോളം തീപ്പിടിത്തം തുടര്‍ന്നു. തീപ്പിടിത്തത്തിലും അഗ്‌നിരക്ഷാ സേനാംഗത്തിന്റെ മരണത്തിലും രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പോലിസ് അറിയിച്ചു.
ഏകദേശം ഒന്നരക്കോടിയോളം രൂപയടുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപ്പിടിച്ചത്. കാലാവധി കഴിഞ്ഞ മരുന്നുകളും സാനിറ്റൈസറുകളും സ്പിരിറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. അമിത ചൂട് കാരണം ബ്ലീച്ചിങ് പൗഡറിന് തീപ്പിടിച്ചത് പടരുകയാണെന്നാണ് നിഗമനം.