വയനാട് തുരങ്കപാതക്ക് കിഫ്ബി 2134 കോടി രൂപ അനുവദിച്ചു

കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍ നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും.

Update: 2022-02-15 16:21 GMT

തിരുവനന്തപുരം: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് സർക്കാർ അവകാശവാദം.

കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍ നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും.

പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ് മാറും. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

2020 സെപ്തംബറിലാണ് നിര്‍ദിഷ്ട പാതയുടെ സര്‍വേ തുടങ്ങിയത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് 658 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം തുരങ്കപാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.

അതേസമയം പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും നേരത്തെ രം​ഗത്തെത്തിയിട്ടുണ്ട്. പാരിസ്ഥിതികാഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മേപ്പാടിയിൽ തുരങ്കത്തിന്റെ പ്രവേശന കവാടത്തിനടുത്താണ് പൊത്തുമല ദുരന്തം ഉണ്ടായതെന്നും ഇവർ ചൂണ്ടിക്കാണിച്ചിരുന്നു.