ബിജെപി നേതാവിന്റെ സഹോദരന്‍ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

Update: 2019-10-05 01:09 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ ബിജെപി നേതാവിന്റെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്തി ന്യൂസ് ചാനലിന്റെ ബനസ്‌കന്ത റിപോര്‍ട്ടര്‍ കുല്‍ദീപ് പാര്‍മറെയാണ് വദന്‍സിങ് ബറാദ് വെള്ളിയാഴ്ച ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ചാനല്‍ ആരോപിച്ചു. പ്രാദേശിക ബിജെപി നേതാവ് എല്‍ കെ ബരാദിന്റെ സഹോദരനാണ് വദന്‍സിങ് ബരാദ്. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന റസിഡന്റ് സ്‌കൂളില്‍ വദന്‍സിങ് ബരാദ് നടത്തിയ ക്രമക്കേട് കണ്ടെത്താനായി ദന്ത താലൂക്കിലെ കുവാര്‍സിയില്‍ പോയപ്പോഴാണ് പാര്‍മര്‍ ആക്രമിക്കപ്പെട്ടത്. ബരാദും സഹായികളും പാര്‍മാറിനെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദേഹത്ത് പരിക്കേല്‍ക്കുകയും കാലിന് ഒടിവുണ്ടായതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പാര്‍മര്‍ സമീപഗ്രാമത്തിലാണ് താമസിക്കുന്നതെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് എ ആര്‍ ജങ്കത്ത് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.




Tags: