കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല; നിബന്ധനകള്‍ ബാധകമല്ലെന്നും വിശദീകരണം

Update: 2019-09-18 05:37 GMT

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സിഎജി ഓഡിറ്റിങ് നടത്താത്തതിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശദമായ മറുപടിയുമായി കിയാല്‍(കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ്) രംഗത്ത്. കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്നും അതിനാല്‍ തന്നെ യാതൊരു നിബന്ധനകളും ബാധകമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, കമ്പനി നിയമത്തിലെ ചട്ടങ്ങളനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വിശദീകരിക്കുന്നുണ്ട്. കിയാല്‍ സിപിഎമ്മിന് വഴിവിട്ട് സഹായം ചെയ്തതിനാലാണ് സിഎജി ഓഡിറ്റിങ് നടത്താത്തതെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

കിയാലിന്റെ വിശദീകരണം:

    വാര്‍ഷിക കണക്കുകള്‍ സിഎജി നിയമിക്കുന്ന സ്വകാര്യ ഓഡിറ്റര്‍മാരാണ് 2017-2018 വരെ ഓഡിറ്റ് ചെയ്തിരുന്നത്്. 2018-2019 വര്‍ഷം മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് കമ്പനി ഓഹരി ഉടമകള്‍ വാര്‍ഷിക പൊതുയോഗത്തില്‍ നിയമിച്ച സ്വകാര്യ ഓഡിറ്ററാണ്. വിശദമായ നിയമ പരിശോധനയ്ക്കു ശേഷമാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും ഓഹരി ഉടമകളും ഇത്തരത്തിലൊരു മാറ്റം വരുത്താന്‍ തീരുമാനിച്ചത്. കമ്പനികളുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് 2013ലെ കമ്പനി നിയമത്തിലെ 139((1) മുതല്‍ (4)) വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ഒരു കമ്പനിയുടെ ഓഹരി ഉടമകള്‍ ആ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഓഡിറ്റര്‍മാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ കമ്പനിയുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയുടെയും ഓഡിറ്റര്‍മാരുടെ നിയമനം ഇതേ വകുപ്പിലെ(5)ഉം (7)ഉം ഉപവകുപ്പിലാണ് പറഞ്ഞിട്ടുളളത്. ഇങ്ങനെയുളള കമ്പനികളുടെയും ഓഡിറ്റര്‍മാരെ നിയമിക്കുന്നത് സിഎജിയാണ്.

    സര്‍ക്കാര്‍ കമ്പനികളും സര്‍ക്കാരിതര കമ്പനികളും ഉള്‍പ്പെട്ട എല്ലാ കമ്പനികളുടെയും ഓഡിറ്റ് ചെയ്തിട്ടുളള വാര്‍ഷിക കണക്കുകള്‍ അംഗീകരിക്കേണ്ടത് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനിയല്ലെന്ന് കേരള സര്‍ക്കാരിന്റെ 2018 ജനുവരി 05ലെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ കമ്പനി നിയമമനുസരിച്ച് സര്‍ക്കാര്‍ കമ്പനിയെ നിര്‍വചിച്ചിരിക്കുന്നത് താഴെ പറയും പ്രകാരമാണ്. 'ഏതെങ്കിലും കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ചേര്‍ന്നോ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി മൂലധനം ഉണ്ടെങ്കിലാണ് സര്‍ക്കാര്‍ കമ്പനിയായി കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള സര്‍ക്കാര്‍ കമ്പനിയുടെ അനുബന്ധ കമ്പനികളും സര്‍ക്കാര്‍ കമ്പനികളായി കണക്കാക്കപ്പെടുന്നു'.

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിന് ഓഹരി മൂലധനമില്ല. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയാണുള്ളത്. ആയതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഒരു സര്‍ക്കാര്‍ കമ്പനി അല്ല. അതിനാല്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കുളള നിബന്ധനകള്‍ ഒന്നും തന്നെ കിയാലിനു ബാധകമല്ല. സര്‍ക്കാര്‍ കമ്പനികളുടെ നിര്‍വചനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി മൂലധനം കണക്കാക്കപ്പെടുകയില്ല. പക്ഷേ, 1956 ലെ കമ്പനി നിയമത്തിന്റെ 619(ബി) വകുപ്പ് അനുസരിച്ച് സര്‍ക്കാരിനും സര്‍ക്കാര്‍ കമ്പനികളും ചേര്‍ന്ന് 51 ശതമാനത്തില്‍ കുറയാത്ത ഓഹരി മൂലധനമുള്ള കമ്പനികളുടെ ഓഡിറ്റും വാര്‍ഷിക കണക്കുകളുടെ ഓഡിറ്റും സിഎജി നിയമിക്കുന്ന ഓഡിറ്ററാണ് ചെയ്യേണ്ടതെന്നു വ്യവസ്ഥയണ്ടായിരുന്നു. 2013ലെ കമ്പനി നിയമത്തില്‍ ഈ വകുപ്പ് എടുത്തുകളഞ്ഞിരിക്കുകയാണ്. കൂടാതെ സര്‍ക്കാരിന് നിയന്ത്രണമുള്ള കമ്പനികളുടെ കണക്കുകളും കമ്പനി നിയമത്തിലെ 139(5) വകുപ്പ് അനുസരിച്ച് സിഎജി നിയമിക്കുന്ന ഓഡിറ്ററാണ് ഓഡിറ്റ് ചെയ്യേണ്ടത്.

    സര്‍ക്കാര്‍ നിയന്ത്രണം എന്ന വാക്ക് കമ്പനി നിയമത്തിലെ 2(27) ഉപ വകുപ്പില്‍ നിര്‍വചിച്ചിട്ടുണ്ട്. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭൂരിപക്ഷം ഡയറക്ടര്‍മാരെയും സര്‍ക്കാര്‍ നിയമിക്കുകയോ അല്ലെങ്കില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് എഗ്രിമെന്റ്, മാനേജ്‌മെന്റ് റൈറ്റ്‌സ്, വോട്ടിങ് എഗ്രിമെന്റ് തുടങ്ങിയ എഗ്രിമെന്റുകളില്‍ കൂടി കമ്പനികളുടെ പ്രധാനപ്പെട്ട/നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുകയോ ചെയ്താല്‍, അങ്ങനെയുള്ള കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളായി കണക്കാക്കപ്പെടും. ഇത്തരം നിയന്ത്രണമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുളള കാലത്തോളം ഡയറക്ടര്‍ ബോര്‍ഡിലെ മൂന്നില്‍ ഒന്ന് ഡയറക്ടര്‍മാരെ(ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഉള്‍പ്പടെ) നിയമിക്കാനുളള അവകാശം സര്‍ക്കാരിനുണ്ട്. ഇതില്‍ നിന്നു ഭൂരിപക്ഷം ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരെ നിയമിക്കാനുളള അധികാരമില്ലെന്ന് വ്യക്തമാണ്. കൂടാതെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ മേല്‍ പറഞ്ഞ രീതിയിലുള്ള എഗ്രിമെന്റുകളൊന്നും നിലവിലില്ല.

    മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നു(പാര്‍ലമെന്റ് പാസാക്കിയ 2013 ലെ കമ്പനി നിയമമനുസരിച്ച്) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി, ഒരു സര്‍ക്കാര്‍ കമ്പനിയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയോ എല്ലെന്ന് വ്യക്തമാണ്. അതു കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് കമ്പനിയുടെ ഉടമസ്ഥരായ ഓഹരി ഉടമകള്‍ നിയമിക്കുന്ന ഓഡിറ്ററാണ്. 2013 ലെ കമ്പനി നിയമം നിലവില്‍ വന്നത് 2014 ഏപ്രിലിലാണ്. 2014-2015 ലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഓഡിറ്റ് ചെയ്യാനുളള ഓഡിറ്ററെ ഇതിനകം തന്നെ സിഎജി നിയമിച്ചു കഴിഞ്ഞിരുന്നു. പുതിയ നിയമമനുസരിച്ച് തീരുമാനം കൈക്കൊള്ളാന്‍ വ്യക്തമായ സമയം ആവശ്യമായി വന്നതിനാല്‍ 2017-2018 വരെ നിലവിലുള്ള സമ്പ്രദായം തുടരുകയാണ് ചെയ്തത്. അതായത്, കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ സിഎജി നിയമിച്ച ഓഡിറ്റര്‍മാര്‍ തന്നെ ഓഡിറ്റ് ചെയ്തു. 2018-2019 മുതലാണ് കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ഓഡിറ്ററെ നിശ്ചയിക്കാന്‍ കഴിഞ്ഞത്. ഓഹരി ഉടമകള്‍ നിയമിച്ച ഓഡിറ്റിങ്

    കമ്പനിയായ ഡിലോയ്റ്റ് & ടോഷെ(Delloitte & Touche), ഇന്ത്യയിലെ ഏറ്റവും വലിയ 4 ഓഡിറ്റിങ് കമ്പനികളില്‍ ഒന്നാണ്. മല്‍സരാധിഷ്ഠിത ടെന്‍ഡര്‍ നടപടിയിലൂടെയാണ് ഡിലോയ്റ്റ് ആന്റ് ടോഷെ എന്ന ഓഡിറ്റ് സ്ഥാപനത്തെ തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു ഓഡിറ്റ് കമ്പനിയെ നിയമിക്കുന്നതിലേക്ക് ഡയറക്ടര്‍ ബോര്‍ഡിനെ തീരുമാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്, കൂടുതല്‍ ആഭ്യന്തര/ അന്താരാഷ്ട്ര നിക്ഷേപകരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തിലുളള മാനേജ്‌മെന്റും ഓഡിറ്റിങ് സംവിധാനവും ആവശ്യമാണ് എന്ന ചിന്തയാണ്. അതനുസരിച്ചാണ് മല്‍സരാധിഷ്ഠിത ടെന്‍ഡറിലൂടെ കമ്പനിയെ നിയമിച്ചത്. പ്രസ്തുത ഓഡിറ്റിങ് സ്ഥാപനമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിക്കുന്നത്. കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ കണക്കുകളും ഓഡിറ്റ് ചെയ്യുന്നത് ഓഹരി ഉടമകള്‍ നിയമിക്കുന്ന ഓഡിറ്റര്‍മാരാണെന്നും കിയാല്‍ വിശദീകരണത്തില്‍ അറിയിച്ചു.




Tags:    

Similar News