രാജസ്ഥാനില്‍ കന്യകാത്വ പരിശോധന; യുവതിയില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ഉത്തരേന്ത്യയില്‍ ആചാരങ്ങളുടെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. പുതുതായി വിവാഹം കഴിഞ്ഞ ഒരു യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയും അവളില്‍ നിന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു ഭര്‍ത്താവിന്റെ വീട്ടുകാരും പഞ്ചായത്തും.
പോലിസ് റിപ്പോര്‍ട്ട് പ്രകാരം 24 വയസ് പ്രായമുള്ള ഒരു യുവതിയോടാണ് പഞ്ചായത്ത് 10 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ക്ക് നല്‍കാന്‍ പറഞ്ഞത്. സാന്‍സി ഗോത്രവിഭാഗത്തില്‍ പെടുന്ന ഈ സ്ത്രീ വിവാഹത്തിന് മുമ്പ് ഒരു അയല്‍വാസിയാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ആ വിവരം നേരത്തെ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരോട് യുവതി പറയുകയും ചെയ്തിരുന്നു.
സുഭാഷ് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ അവര്‍ ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സുരേന്ദ്ര കുമാര്‍ പറയുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം യുവതിയുടെ അമ്മായിയച്ഛന്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളാണ്. അയാള്‍ക്ക് ഈ സംഭവത്തെ കുറിച്ച് അറിയുകയും ചെയ്യുമായിരുന്നു.
എന്നാല്‍, ഇതൊക്കെ ആയിരുന്നിട്ടും യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അമ്മായിഅമ്മയും അവളെ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മേയ് 11 നാണ് ഈ സംഭവം നടന്നത്.
എന്താണ് കന്യകാത്വ പരിശോധന?
വിവാഹം കഴിഞ്ഞ നവദമ്പതികളെ ഗ്രാമത്തിലെ കൗണ്‍സിലോ വരന്റെയോ വധുവിന്റെയോ വീട്ടുകാരോ വാടകയ്‌ക്കെടുക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അയക്കുന്നു. അവരുടെ കയ്യില്‍ ഒരു വെള്ള ബെഡ്ഷീറ്റും നല്‍കും. അതിന് ശേഷം ലൈം?ഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടും. ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ വെള്ള ബെഡ്ഷീറ്റില്‍ രക്തം ഉണ്ടോ എന്ന് പരിശോധിക്കും. രക്തം ഇല്ലെങ്കില്‍ വിവാഹിതയായ യുവതി കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടു എന്നാണ് അവര്‍ കരുതുന്നത്.
ഈ പരിശോധനകള്‍ ഇപ്പോഴും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യാപകമാണ്. മഹാരാഷ്ട്രയിലെ കഞ്ജര്‍ഭട്ട് സമുദായവും രാജസ്ഥാനിലെ സാന്‍സി ഗോത്രവും പോലെയുള്ളവയ്ക്കിടയില്‍ ഇപ്പോഴും ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് തയ്യാറാവാത്തവര്‍ പലപ്പോഴും സമുദായത്തിന് പുറത്താകും.
നിയമവിധേയമാണോ?
2019 ഫെബ്രുവരിയില്‍, മാസങ്ങള്‍ നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് കന്യകാത്വ പരിശോധന നിരോധിച്ചു. അത്തരം പരിശോധനകള്‍ നടന്നാല്‍ അവ ലൈംഗികാതിക്രമമായി കണക്കാക്കും എന്നും പറയുന്നു. എന്നിട്ടും ഇന്നും ഇത്തരം പരിശോധനകള്‍ നിര്‍ബാധം തുടരുന്നുണ്ട് ഇന്ത്യയിലെ പല ഭാഗങ്ങളിലും എന്നതാണ് ഖേദകരമായ വസ്തുത.

