എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ
'സഫലം 2020' എന്ന മൊബൈല്‍ ആപ്പ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫലം പ്രസിദ്ധീകരിക്കുക. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭിക്കും.
'സഫലം 2020' എന്ന മൊബൈല്‍ ആപ്പ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2020 എന്ന ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതാണ്. മൊബൈല്‍ ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് അവസാന നിമിഷത്തിലെ തടസങ്ങള്‍ ഒഴിവാന്‍ എളുപ്പമാക്കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ് ' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ ലഭിക്കും.
മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. നാലുലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2019ല്‍ മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം നടന്നത്. 97.84 ശതമാനമായിരുന്നു വിജയം. എറണാകുളം ജില്ലയായിരുന്നു വിജയശതമാനത്തില്‍ മുന്നില്‍- 98.9 ശതമാനം.