സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം ധനസഹായം
കോട്ടയം: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കോട്ടയത്ത് 14 പേരും ഇടുക്കിയില്‍ എട്ടുപേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍നിന്ന് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ അടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ (65), മാര്‍ട്ടിന്‍(48), സിനി മാര്‍ട്ടിന്‍(45), സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസലി(50), ഇളംകാട് മുണ്ടകശേരി റോഷ്ണി വേണു(48) ഇളംകാട് ആറ്റുചാലില്‍ സോണിയ ജോബി (45), അലന്‍ ജോബി(14), കൂവപ്പള്ളി സ്രാമ്പിക്കല്‍ രാജമ്മ(64), ഇളംകാട് ഓലിക്കല്‍ ഷാലറ്റ്(29) ഇളംകാട് പന്തലാട്ട് സരസമ്മ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഏഴ് മൃതദേഹങ്ങളാണ് കൂട്ടിക്കലില്‍നിന്ന് ഇന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
ഇവരുടെ ശവസംസ്‌ക്കാരചടങ്ങുകള്‍ക്കായി 10,000 രൂപ അനുവദിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും റോഡുകള്‍ എത്രയും വേഗത്തില്‍ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. 48 കൂടുംബങ്ങളിലെ 148 പേരാണ് ഇവിടെയുള്ളത്. ഏന്തയാറിലെ ജെജെ മര്‍ഫി സ്‌കൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി.
നാല് കുട്ടികളുടേയും ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെനിന്ന് കണ്ടാത്താനുള്ളത്. ഇവിടെ കാണാതായവരില്‍ അഞ്ചുപേരും കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാല്‍, പ്രദേശത്ത് തുടരുന്ന മഴയാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.
കോട്ടയം- ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനില്‍ക്കുന്ന പ്രദേശമാണിവ. ഇന്ന് പകല്‍ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. മണ്ണില്‍ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്.
നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായി.
തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താന്‍ സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പോലിസ്, ഫയര്‍ ഫോഴ്‌സ് എന്നിവയ്ക്കു പുറമെ ഒരു എയര്‍ലിഫ്റ്റിങ് ടീമുള്‍പ്പെടെ ഡിഫെന്‍സിന്റെ വിവിധ സേനകള്‍, പ്രദേശവാസികള്‍ ഇതില്‍ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.

