കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം; ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും

സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Update: 2021-11-04 18:11 GMT

തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ധന നികുതി കുറയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. എക്‌സൈസ് തിരുവ കുറച്ച് എണ്ണവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിടേണ്ടിവന്ന പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും കെ സുധാകരന്‍ പറഞ്ഞു.