പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കട്ടിലിനെതിരെ നിയമ നടപടി സ്വീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-09-09 12:59 GMT

കോട്ടയം: വര്‍ഗീയ പരാമര്‍ശം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കട്ടിലിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കട്ട് ഉടന്‍ വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ ഇല്ലാത്ത ലൗ ജിഹാദിനെയും പുതുതായി അദ്ദേഹം നിര്‍മ്മിച്ചെടുത്ത നര്‍ക്കോട്ടിക് ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന കൊടിയ ക്രിമിനല്‍ കുറ്റം ചെയ്ത ബിഷപ്പ് കേരളീയ പൊതു സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മതസമുദായത്തിന്റെ വിശുദ്ധ സംജ്ഞയെ പരിഹാസ വാക്കായി ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താനാണ് ശ്രമം. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കാട്ടിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ തയ്യാറാകണം.

പാലാ ബിഷപ്പിന്റെ അറസ്റ്റിന് വേണ്ടി കേരളത്തിലെ ഇടത് മുന്നണിയിലെയും ഐക്യമുന്നണിയിലെയും നേതാക്കളും മതേതര ലിബറല്‍ എഴുത്തുകാരും ശബ്ദമുയര്‍ത്തണം. സ്വന്തം സമുദായത്തിലെ പല പ്രശ്‌നങ്ങളും തീര്‍ക്കാന്‍ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേല്‍ കടുത്ത വര്‍ഗീയ വിദ്വേഷം ആരോപിച്ചുകൊണ്ട് അത് മറികടക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ മതേതര മനസ്സിന് മാരകമായ മുറിവേല്‍പ്പിക്കും എന്നും കൃസ്തീയ സമൂഹത്തിലെ വര്‍ഗീയതക്കും വംശീയതക്കും വഴിപ്പെടാത്ത മതേതര ബോധമുള്ള നേതാക്കള്‍ പാലാ ബിഷപ്പിനെയും അദ്ദേഹത്തിന്റെ വിദ്വേഷ പ്രചാരണത്തെയും തള്ളിപ്പറയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News