മുംബൈ വിമാനത്താവളം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി; മലയാളി അറസ്റ്റില്‍

Update: 2023-11-24 14:49 GMT

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഇ-മെയിലില്‍ ഭീഷണിസന്ദേശം അയച്ച മലയാളി അറസ്റ്റില്‍. ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ ബിറ്റ് കോയിന്‍ നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയെയാണ് മുംബൈ എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'വിഷയം: ബോംബ് സ്‌ഫോടനം. ഇത് നിങ്ങള്‍ക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ ബിറ്റ് കോയിന്‍ അയച്ചില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കും. 24 മണിക്കൂറിന് ശേഷം വീണ്ടുമൊരു മുന്നറിയിപ്പ് നല്‍കുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തിലുണ്ടായിരുന്നതെന്നാണ് പോലിസ് അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സന്ദേശം ലഭിച്ചത്. quaidacazrol@gmail.com എന്ന ഇ-മെയില്‍ ഐഡി ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ സൈബര്‍ സെല്‍ കംപ്യൂട്ടര്‍ ഐപി വിലാസം കേരളത്തിലാണെന്നു കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്തെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രതിയെ മുംബൈയിലെത്തിച്ച് സഹര്‍ പോലിസിന് കൈമാറുമെന്ന് പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags: