കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവില്‍ ചായപ്പൊടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വകുപ്പ് ആരോപിച്ചിരിക്കുന്നത്.
ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കുന്നതെന്നും കേസില്‍ പറയുന്നു.
ലോട്ടറി റെഗുലേഷന്‍ വകുപ്പിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തള്ളി അദേഹം രംഗത്തെത്തിയിട്ടുണ്ട്. ബോചെ ടീക്കൊപ്പം സൗജന്യമായാണ് ലക്കിഡ്രോ കൂപ്പണ്‍ നല്‍കുന്നതെന്ന് ബോചെ ടീ അധികൃതര്‍ അറിയിച്ചു.
കൂപ്പണും സമ്മാനങ്ങളും നല്‍കുന്നത് ചായപ്പൊടി കച്ചവടത്തിന്റെ പ്രെമോഷന്റെ ഭാഗമാണ്. അല്ലാതെ ലോട്ടറി വില്‍പ്പനയല്ല തങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒട്ടേറെ വന്‍ കമ്പനികള്‍ പ്രെമോഷന്റെ ഭാഗമായി ഇങ്ങനെ നടത്താറുണ്ടെന്നും അതിന് സുപ്രിംകോടതി അനുമതിയുണ്ടെന്നും ബോചെ ടീ അധികൃതര്‍ വ്യക്തമാക്കി.