ഹാഥ്‌റസ് സന്ദര്‍ശനത്തിനിടെ മലയാളി മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി പ്രതിനിധിയുമായ മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ എന്നിവരെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ ടോള്‍ പ്ലാസയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

Update: 2020-10-06 07:32 GMT

ന്യൂഡല്‍ഹി: ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസിലേക്ക് വാര്‍ത്താശേഖരണത്തിനു പോവുന്നതിനിടെ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയും 'അഴിമുഖം' ഓണ്‍ലൈന്‍ പ്രതിനിധിയുമായ സിദ്ദീഖ് കാപ്പനെയാണ് മഥുര പോലിസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി പ്രതിനിധിയുമായ മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ എന്നിവരെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ ടോള്‍ പ്ലാസയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മഥുര ഇന്റലിജന്‍സ് ചോദ്യം ചെയ്യുകയും മഥുര പോലിസ് സ്‌റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

    സിദ്ദീഖ് കാപ്പന്റേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകരും പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളും പോലിസിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. വാര്‍ത്താശേഖരണത്തിനു വേണ്ടി പോവുകയായിരുന്ന സിദ്ദീഖ് കാപ്പനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പന്‍ ഞങ്ങളുടെ വെബ്‌സൈറ്റിന്റെ പ്രതിനിധിയാണെന്നും തിങ്കളാഴ്ച രാവിലെ ഹാഥ്‌റസിലേക്ക് പോവുന്നുവെന്ന് അറിയിച്ചെന്നും അതിനുശേഷം അദ്ദേഹത്തെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും അഴിമുഖം എഡിറ്റര്‍ കെ എന്‍ അശോകന്‍ എന്‍ഡിടിവിയോട് പറഞ്ഞു. സിദ്ദീഖ് കാപ്പന്‍ നേരത്തേ തേജസ് ദിനപത്രം, തല്‍സമയം സായാഹ്ന പത്രം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലയ്ക്കു പിന്നാലെ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നു തുടക്കത്തില്‍ വിലക്കിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് കടത്തിവിട്ടിരുന്നത്.

    നേരത്തേ, പൗരത്വ നിയമത്തിനെതിരേ സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഹാഥ്‌റസ് പ്രതിഷേധത്തിനു പിന്നില്‍ കോണ്‍ഗ്രസും പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളാണെന്നും ബിജെപി ആരോപിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങിനു നേരെ പോപുലര്‍ ഫ്രണ്ട് ഏജന്റെന്ന് ആരോപിച്ച് ഹിന്ദുത്വവാദി കരിമഷി പ്രയോഗം നടത്തിയിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം യുപിയിലെ ചാന്ദ്പ പോലിസ് ഹാഥ്‌റസ് പ്രതിഷേധത്തില്‍ അജ്ഞാതര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. യോഗിയുടെ ഭരണത്തെ മോശമായി ചിത്രീകരിക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നായിരുന്നു പോലിസ് എഫ് ഐആറില്‍ ആരോപിച്ചിരുന്നത്.

Kerala Journalist, 3 Others Arrested By UP Police On Way To Hathras





Tags:    

Similar News