കേരളം കമ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്, വൈകാതെ അതും അസ്തമിക്കും: കെ സുരേന്ദ്രൻ

അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്.

Update: 2022-03-01 11:57 GMT

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സിഎജി, ലോകായുക്ത, ഗവർണർ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

കൊവിഡ് നേരിടുന്നതിൽ ഇടത് സർക്കാരാണ് ദയനീയമായി പരാജയപ്പെട്ടത്. കൊവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നമ്പർ വൺ കേരളമായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തി. കൊവിഡ് മരണങ്ങൾ മറച്ച് വെച്ച് മരണനിരക്ക് കുറയ്ക്കാൻ ശ്രമിച്ച മനുഷ്യത്വ വിരുദ്ധമായ സർക്കാരാണ് പിണറായി വിജയന്റേത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന സിപിഎം ജനറൽ സെക്രട്ടറി കേന്ദ്രസർക്കാർ സ്വകാര്യവത്ക്കരണം നടത്തുകയാണെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്.

ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നത്. റഷ്യ യുക്രെയ്നിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ചൈനയെ അമേരിക്ക ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സമ്മേളം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപിയേയും കേന്ദ്ര സർക്കാരിനേയും രൂക്ഷ ഭാഷയിൽ വിമർശിച്ച യെച്ചൂരി, കേന്ദ്രം ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കുന്നു. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഉയർന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണ്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞിരുന്നു.