അഭിഭാഷകനോട് മോശം പെരുമാറ്റം; പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Update: 2024-05-23 14:38 GMT

കൊച്ചി: സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആലത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. പോലിസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റുചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. പോലിസിന്റെ പെരുമാറ്റം ഏതു വിധത്തിലായിരിക്കണം എന്നതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ഇത്രയധികം ആരോപണങ്ങള്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെതിരേ ഉയര്‍ന്നിട്ടും പോലിസ് മേധാവി ഒരു നടപടിയും സ്വീകരിക്കാത്തത് അല്‍ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണം. എങ്കിലേ ജനങ്ങള്‍ക്ക് പോലിസില്‍ വിശ്വാസമുണ്ടാവൂ. സേനയുടെ ആത്മവീര്യം നഷ്ടമാവുമെന്നാണ് പോലിസിനെതിരേ എന്ത് ആരോപണം ഉയര്‍ന്നാലും നടപടി എടുക്കാതിരിക്കാന്‍ പറയുന്ന കാരണം. ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുക. അത്രയ്ക്ക് ദുര്‍ബലമായ ആത്മവീര്യമാണെങ്കില്‍ അത് പോവട്ടേയെന്ന് വയ്ക്കണമെന്നും ജസ്റ്റിസ് വിമര്‍ശിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

    ആലത്തൂര്‍ സ്‌റ്റേഷനില്‍ അഭിഭാഷകനായ ആക്വിബ് സുഹൈലിനെ എസ്‌ഐ വി ആര്‍ റിനീഷ് അപമാനിച്ചെന്ന കേസിലാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് റിനീഷിനെ സ്ഥലംമാറ്റുകയും ചെയ്തു. മറ്റ് രണ്ടുപേര്‍ കൂടി റിനീഷിനെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ കേസുകളും കോടതി വ്യാഴാഴ്ച പരിഗണിച്ചു.

Tags:    

Similar News