കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ് ഐ ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇന്ന് രാവിലെ 10.15ന് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയും അഴിമതിയും നടന്നെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ഹര്‍ജിയിലെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും ഏറെ നിര്‍ണായകമാണ്.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.