ബന്ധം തുടരാന്‍ താല്‍പര്യമുണ്ടെന്ന് പതിനേഴുകാരി; പതിനെട്ടുകാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി
കൊച്ചി: പ്രണയബന്ധം തുടരാന്‍ താല്‍പര്യമുണ്ടെന്ന പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനെട്ടുകാരനെതിരായ പോക്‌സോ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെതിരായ കേസാണ് ജസ്റ്റിസ് ജി ഗിരീഷ് റദ്ദാക്കിയത്. പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി രണ്ടുതവണ പീഡിപ്പിച്ചെന്നായിരുന്നു യുവാവിനെതിരായ ആരോപണം. എന്നാല്‍, കേസ് റദ്ദാക്കാന്‍ യുവാവ് ഹൈക്കോടതിയെ സമീപിച്ചു. യുവാവുമായുള്ള ബന്ധം തുടരാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ പതിനെട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇവ രണ്ടും പരിഗണിച്ച് കേസ് റദ്ദാക്കിയത്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച പെണ്‍കുട്ടിയും യുവാവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ലൈംഗികബന്ധം നടന്നുവെന്ന് പറയുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴര വയസായിരുന്നു പ്രായം.20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരേ പോലിസ് ചുമത്തിയിരുന്നത്.