'പോയത് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന്'; ഇസ്രായേലില്‍ 'മുങ്ങി'യ ബിജു ഉടന്‍ നാട്ടിലേക്ക് തിരിച്ചേക്കും
കൊച്ചി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നു ഇസ്രായേലിലേക്ക് പോയ സംഘത്തില്‍ നിന്നു മുങ്ങിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപോര്‍ട്ട്. ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ കേരളത്തിലേക്ക് വിമാനം കയറുമെന്ന് ദേശീയ മാധ്യമമായ ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘത്തില്‍ നിന്നു മുങ്ങിയതെന്നാണ് ഇയാളുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സംഘത്തില്‍ നിന്നു മുങ്ങിയ ശേഷം ജറുസലേമിലെത്തിയെന്നും പിന്നീട് ബെത്‌ലെഹേമിലേക്ക് തിരിച്ചെന്നുമാണ് സൂചന. ബെത്‌ലെഹേമില്‍ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് സംഘത്തോടൊപ്പം ചേര്‍ന്ന് മടങ്ങാനായിരുന്നു ബിജു പദ്ധതിയിട്ടത്. എന്നാല്‍ സംഘം ഇതിനിടെ നാട്ടിലേക്കു മടങ്ങിയതോടെയാണ് പിന്നീട് നാട്ടിലേക്കു മടങ്ങാന്‍ ബിജു തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. താന്‍ വരുത്തിവച്ച പ്രശ്‌നങ്ങള്‍ക്ക് കൃഷിമന്ത്രി പി പ്രസാദിനോട് ബിജു കുര്യന്‍ ക്ഷമാപണം നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. സംഘത്തില്‍ നിന്നു മുങ്ങിയ ബിജു കുര്യനെ കാണാതായെന്നായിരുന്നു ആദ്യഘട്ടത്തില്‍ വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, താന്‍ സുരക്ഷിതനാന്നെും തന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞ് ബിജു കുര്യന്‍ കുടുംബാംഗങ്ങള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചതോടെയാണ് മുങ്ങിയതയാണെന്ന് വ്യക്തമായത്. സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രായേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി ബിജു ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമായിരുന്നു ആദ്യ റിപോര്‍ട്ട്. പിന്നീട് ഇയാള്‍ തന്നെ വാട്‌സ് ആപ് സന്ദേശം അയച്ചതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.