മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ക്രിസ്ത്യന്‍ ദമ്പതികളെ യുപിയില്‍ അറസ്റ്റ് ചെയ്തു

ഹിന്ദുമത വിശ്വാസികളെ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റങ്ദള്‍ യൂനിറ്റ് മേധാവിയും പ്രദേശവാസിയുമായ പ്രവീണ്‍ നഗര്‍ ഇന്ദിരാപുരം പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.

Update: 2023-03-01 10:35 GMT

ലഖ്‌നോ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ക്രിസ്ത്യന്‍ ദമ്പതികളെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ബജ്‌റങ്ദള്‍ പ്രാദേശിക നേതാവിന്റെ പരാതിയിലാണ് ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് ജോണ്‍ എബ്രഹാം, ഭാര്യ ജിജി എന്നിവരെ ഗാസിയാബാദ് ഇന്ദിരാപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. ഇന്ദിരാപുരം കനാവനി മേഖലയില്‍ താമസിക്കുന്ന ഇവരെ തിങ്കളാഴ്ചയാണ് പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ഹിന്ദുമത വിശ്വാസികളെ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റങ്ദള്‍ യൂനിറ്റ് മേധാവിയും പ്രദേശവാസിയുമായ പ്രവീണ്‍ നഗര്‍ ഇന്ദിരാപുരം പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാന്‍ ഭൂമിയും ദമ്പതികള്‍ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയിലെ ആരോപണം. ദമ്പതികള്‍ പതിവായി പ്രാര്‍ഥനാ ഹാള്‍ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. ദമ്പതികള്‍ക്കെതിരേ 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മാസങ്ങളായി ഇരുവരും നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശര്‍മ പറഞ്ഞു. 1996 മുതല്‍ ദമ്പതികള്‍ ഗാസിയാബാദില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നുണ്ട്. യുനൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ബന്ധപ്പെട്ട് ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപറേഷന്‍ അഗാപെയുമായി ബന്ധപ്പെട്ടാണ് ദമ്പതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരാള്‍ കുറഞ്ഞത് 20 പേരെയെങ്കിലും മതപരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യമാണ് സംഘടന നല്‍കുന്നതെന്നും പോലിസ് പറഞ്ഞു.   


എന്നാല്‍, സന്തോഷ് ജോണും ഭാര്യയും മതപ്രസംഗം നടത്താറുണ്ടെങ്കിലും ആരെയും മതപരിവര്‍ത്തനം ചെയ്തതതായി അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. മതംമാറാന്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ബജ്‌റങ്ദള്‍ നേതാവ് പ്രവീണ്‍ നഗര്‍ പറയുന്നത്. അവര്‍ എന്നോടും എന്റെ സുഹൃത്തിനോടും യേശുക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും പറഞ്ഞു. ഞങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ ഞങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ 25 ചതുരശ്ര മീറ്റര്‍ സ്ഥലം നല്‍കുമെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് ഉറപ്പ് നല്‍കി. പാവപ്പെട്ടവരെയും നിസ്സഹായരെയും ഇത്തരത്തിലാണ് വശീകരിക്കുന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു. പലചരക്ക് കടയുടമയായ രാംനിവാസിനെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പലചരക്ക് കടയുടമ രാംനിവാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദമ്പതികള്‍ ആളുകളെ മതത്തെ

   

Full View

പരിചയപ്പെടുത്താറുണ്ട്. അഞ്ച് വര്‍ഷം മുമ്പ് എന്റെ മകള്‍ക്ക് സുഖമില്ലാതിരുന്നപ്പോള്‍ ഞാന്‍ സന്തോഷ് ജോണുമായി ബന്ധപ്പെട്ടു. പാസ്റ്ററെന്ന നിലയില്‍ അദ്ദേഹം കുറച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. കാലക്രമേണ എന്റെ മകള്‍ സുഖം പ്രാപിച്ചതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ക്രിസ്ത്യന്‍ പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തതിനെതിരേ ശശി തരൂര്‍ എം.പി രംഗത്തെത്തി. ആരോപണങ്ങളുടെ പേരില്‍ മാത്രമാണ് അറസ്‌റ്റെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്ന് ശശിതരൂര്‍ ട്വീറ്റ് ചെയ്തു.

Tags: