ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ തിരഞ്ഞെടുപ്പില്‍ കിറ്റ് വിതരണം ഗുണം ചെയ്തു

Update: 2021-01-15 06:42 GMT

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാറിന് ഗുണകരമായി എന്ന വിലയിരുത്തലുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ദുരിത കാലത്ത് ഏറ്റവും വലിയ കരുതലാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്‌സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാം. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷണക്കിറ്റ് നല്‍കി ഐസക് കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം ആയിരം കോടി രൂപ അധികം അനുവദിച്ചു.

സംസ്ഥാനത്ത് ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച് ലക്ഷം കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്. അവരെ പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനായി സംസ്ഥാന തലത്തില്‍ സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് അവര്‍ക്കായി മൈക്രോ പ്ലാനിങ്ങ് നടപ്പാക്കുകയാണ് വേണ്ടത്. ആശ്രയ പദ്ധതി ഇതിനായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഗുണ ഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ അപാകതയുണ്ട്.

പാര്‍പ്പിടമാണ് അവരുടെ മുഖ്യപ്രശ്‌നം. അവരെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാസം തോറും സഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കണം.

Tags:    

Similar News