കെജ് രിവാള്‍ മുതല്‍ കപില്‍ സിബല്‍ വരെ; പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി ഡല്‍ഹിയിലെ കേരളസമരം

Update: 2024-02-08 10:11 GMT

ന്യൂഡല്‍ഹി: ബിജെപി ഇതര സര്‍ക്കാരുകളോട് മോദിസര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരേ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ, ഇതേ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം ദേശീയതലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി മാറി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല, തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സമാജ് വാദി പാര്‍ട്ടി രാജ്യസഭ എംപി കപില്‍ സിബല്‍ തുടങ്ങിയവര്‍ ജന്തര്‍മന്ദറിലെ സമരത്തില്‍ നേരിട്ട് പങ്കാളികളായി. പ്രധാന പ്രതിപക്ഷ നേതാക്കളില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാത്രമാണ് പങ്കെടുക്കാതിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സമരത്തിന് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ പകരം മന്ത്രിയെ അയക്കുകയും സന്ദേശം വായിക്കുകയും ചെയ്തു. അവശത മറന്നാണ് ഫാറൂഖ് അബ്ദുല്ല എത്തിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമാന ആവശ്യവുമായി ഇന്നലെ ഇതേ സ്ഥലത്ത് സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സമരത്തെ ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമരത്തില്‍ പങ്കെടുക്കാനില്ലെന്നാണ് അറിയിച്ചത്. മാത്രമല്ല, സമരം തുടങ്ങിയ ഇന്ന്തന്നെ കേരള സര്‍ക്കാര്‍ പറയുന്നത് നുണയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ്, രാജ്യത്തെ പ്രമുഖ ദേശീയ നേതാക്കള്‍ കേരള സര്‍ക്കാരിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയത്. ഇടതുസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയപ്പോള്‍ പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കളൊന്നും നേരിട്ടെത്തിയിരുന്നില്ല.


Full View
Tags:    

Similar News