2.8 ലക്ഷം സിസിടിവി കാമറകള്‍, 11,000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍, വമ്പന്‍ പ്രഖ്യാപനങ്ങളുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍
ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത്. 1.40 ലക്ഷം കാമറകള്‍ സ്ഥാപിക്കാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും 2,000 കാമറകള്‍ വീതം സ്ഥാപിക്കന്നതിന്റെ നടപടികളാണ് പുരോഗമിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിലുടനീളം 2.80 ലക്ഷം സിസിടിവി കാമറകളും 11,000 വൈഫൈ ഹോട്‌സ്‌പോട്ടുകളും സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറയ്ക്കല്‍, മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കെജ്‌രിവാളിന്റെ പുതിയ പ്രഖ്യാപനം. പ്രാരംഭഘട്ടമെന്ന നിലയില്‍ പ്രതിമാസം 15 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും.
ഡല്‍ഹിയില്‍ സൗജന്യ വൈഫൈ നല്‍കാമെന്നത് തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ മുഴുവന്‍ 11,000 ഹോടസ്‌പോട്ടുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 4000 ഹോട്‌സ്‌പോട്ടുകള്‍ ബസ് സ്‌റ്റോപ്പുകളിലായിരിക്കും സ്ഥാപിക്കുക. ബാക്കിവരുന്ന 7,000 ഹോട്‌സ്‌പോട്ടുകളില്‍ 100 ഹോട്‌സ്‌പോട്ടുകള്‍ വീതം വിഭജിച്ച് ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാപിക്കും. ആദ്യഘട്ടമായി ഓരോ ഉപയോക്താവിനും പ്രതിമാസം 15 ജിബി സൗജന്യഡാറ്റ ലഭിക്കും. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിസിടിവി കാമറകളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം.
ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത്. 1.40 ലക്ഷം കാമറകള്‍ സ്ഥാപിക്കാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും 2,000 കാമറകള്‍ വീതം സ്ഥാപിക്കന്നതിന്റെ നടപടികളാണ് പുരോഗമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ജനങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് 1.40 ലക്ഷം സിസിടിവി കാമറകള്‍ക്കുകൂടി അനുമതി നല്‍കാനുള്ള തീരുമാനം. അങ്ങനെ മൊത്തം 2.80 ലക്ഷം കാമറകളാണ് രാജ്യതലസ്ഥാനത്ത് സ്ഥാപിക്കുക. നാലുമാസത്തിനുള്ളില്‍ സിസിടിവി, വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

