ബിജെപിക്കെതിരേ കെജരിവാള്‍: സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു കൊല്ലാന്‍ ശ്രമം

Update: 2019-05-18 17:31 GMT

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. ഡല്‍ഹിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ ഒരാള്‍ കെജരിവാളിനെ ആക്രമിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് അക്രമി കെജരിവാളിനെ ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് പഞ്ചാബിലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ബിജെപിക്കെതിരേ ആരോപണമുന്നയിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇന്ദിരാ ഗാന്ധിയെ കൊന്നതുപോലെ എന്നെയും കൊലപ്പെടുത്താനാണു ശ്രമം. നിരാശ ബാധിച്ച എഎപി പ്രവര്‍ത്തകനാണ് തന്നെ ആക്രമിച്ചതെന്നാണ് പോലിസ് വിശദീകരണം. എന്നാല്‍ മോദിയോട് ബിജെപി പ്രവര്‍ത്തകനു ദേഷ്യമുണ്ടെങ്കില്‍ മോദിയെ ആക്രമിക്കാന്‍ സാധിക്കുമോ. പഞ്ചാബ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ദേഷ്യമുണ്ടെങ്കില്‍ അയാള്‍ക്ക് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധിക്കുമോ- കെജരിവാള്‍ ചോദിച്ചു.

2015ലും ഡല്‍ഹി പോലിസിനെതിരെ കെജരിവാള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി പോലിസ് കെജരിവാവാളിനെതിരേ മാനനഷ്ടക്കേസും കൊടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് കെജരിവാള്‍ കുറ്റവിമുക്തനായത്.

അതേസമയം കെജരിവാളിനെതിരേ ഡല്‍ഹി പോലിസ് മറുപടിയുമായി രംഗത്തെത്തി. എല്ലാ പാര്‍ട്ടികളിലെയും ഉന്നതര്‍ക്കു ഡല്‍ഹി പോലിസ് സുരക്ഷ നല്‍കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവരും ഉത്തരവാദിത്ത്വത്തോടെയാണ് ചുമതല നിര്‍വഹിക്കുന്നത്- പോലിസ് വക്താവ് പറഞ്ഞു. 

Tags:    

Similar News