കീഴാറ്റൂര്‍ ബൈപാസ്: അമ്മയും ഭാര്യയും ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്ന് വയല്‍ക്കിളി സമരനേതാവ്

സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ച് രേഖകള്‍ നല്‍കിയെന്നും ഇതില്‍ സുരേഷിന്റെ ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്

Update: 2019-02-04 20:44 GMT

കണ്ണൂര്‍: ദേശീയപാത ബൈപാസിനായി വയല്‍ക്കിളി സമരനേതാവിന്റെ കുടുംബം ഭൂമി വിട്ടുനല്‍കിയെന്നത് ചിലരുടെ വ്യാജപ്രചാരണമാണെന്നു വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. സമരക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ച് രേഖകള്‍ നല്‍കിയെന്നും ഇതില്‍ സുരേഷിന്റെ ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. സ്ഥലമെടുപ്പിന്റെ ത്രിജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ സമരക്കാര്‍ സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇത് പ്രചരിച്ചതോടെയാണ് തങ്ങള്‍ അത്തരമൊരു രേഖയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നു പറഞ്ഞ് സുരേഷ് കീഴാറ്റൂരും ഭാര്യയും രംഗത്തെത്തിയത്. എന്നാല്‍, ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.


സുരേഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''കീഴാറ്റൂരിലെ നെല്‍വയല്‍ അളന്നു തിട്ടപ്പെടുത്തി ഹൈവേക്കു കൊടുക്കാന്‍ കോലും കുറ്റിയും എടുത്തുവന്ന സഖാക്കളെയും നേതാക്കളെയും കീഴാറ്റൂര്‍ മറന്നിട്ടില്ല. കാര്യം കഴിഞ്ഞതിനു ശേഷം പലരൂപത്തിലും വയല്‍കിളികളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തു വിജ്ഞാപനം ഇറക്കികാര്യം മുഴുവന്‍ നടത്തി കേന്ദ്ര സര്‍ക്കാരിന് വേണ്ടി മാമ പണിയെടുത്തു കൊടുത്തിട്ടു വയല്‍ കിളികളെ നന്നാക്കാന്‍ വരണ്ട. നിയമപരമായി വിയോജിപ്പും തടസ്സവാദവും ഉദ്യോഗസ്ഥരെയും കോടതി മുഖേനയും സമരരൂപത്തിലും വയല്‍കിളികള്‍ ചെയ്തിട്ടുണ്ട്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു യാഥാര്‍ഥ്യമാണ്. രേഖ കൊടുത്താലും കൊടുത്തില്ലെങ്കിലും ഇനി ഹൈവേ അതോറിറ്റിക്ക് അതൊരു വിഷയമല്ല. എന്റെ കുടുംബത്തില്‍ എന്റെ ഭാര്യക്ക് സ്ഥലം ഉണ്ട്. അതിന്റെ രേഖ കോപ്പികള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. എനിക്ക് സ്വന്തമായി സ്ഥലം ഇല്ല. എന്റെ അമ്മയുടെ പേരില്‍ സ്ഥലം ഉണ്ട്. അമ്മയും സമര്‍പ്പിച്ചിട്ടില്ല. സമര്‍പ്പിച്ച ഒരു രേഖയും വാങ്ങിയിട്ടുമില്ല. ഇപ്പോള്‍ ഈ സാമ്പാറ് എന്തിനു വേണ്ടിയാണ് തിളപ്പിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഇല്ലതും കൂടി ഇല്ലാതാക്കിയാല്‍ മാത്രമേ ചിലര്‍ക്ക് ഉറക്കം വരൂ എങ്കില്‍ അധികം സമയം കാത്തിരിക്കേണ്ട എണ്ണി തന്നെ തിട്ടപ്പെടുത്താം.....സുരേഷ് കീഴാറ്റൂര്‍.




Tags:    

Similar News