കെസിഎല്‍; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആദ്യ ജയം; ട്രിവാന്‍ഡ്രം റോയല്‍സ് വീണു

Update: 2025-08-24 13:42 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനു ജയം. ഈ സീസണില്‍ കാലിക്കറ്റ് നേടുന്ന ആദ്യ ജയം കൂടിയാണിത്. തുടരെ രണ്ട് മല്‍സരങ്ങള്‍ പരാജയപ്പെട്ട കാലിക്കറ്റ് 7 വിക്കറ്റിനു ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തി. മൂന്ന് കളിയില്‍ റോയല്‍സിന്റെ രണ്ടാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് കണ്ടെത്തി. കാലിക്കറ്റ് 19 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്താണ് ത്രില്ലര്‍ ജയം പിടിച്ചത്.വിജയത്തിലേക്ക് ബാറ്റെടുത്ത കാലിക്കറ്റിനു 68 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച അഖില്‍ സ്‌കറിയ, സല്‍മാന്‍ നിസാര്‍ സഖ്യത്തിന്റെ അര്‍ധ സെഞ്ച്വറികളാണ് അവര്‍ക്ക് ആവേശ ജയമൊരുക്കിയത്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 106 റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുയര്‍ത്തിയാണ് ടീമിന്റെ ജയം ഉറപ്പിച്ചത്. നേരത്തെ ബൗളിങില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍സിനെ കുടുക്കിയ അഖില്‍ മത്സരത്തില്‍ ഓള്‍ റൗണ്ട് മികവുമായി കളം വാണു.

അഖില്‍ കത്തിക്കയറുകയായിരുന്നു. താരം 32 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 68 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 3 സിക്സും 5 ഫോറും സഹിതം 51 റണ്‍സും വാരി. സുരേഷ് സച്ചിന്‍ (28), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (12), എം അജിനാസ് (5) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.

നേരത്തെ, 54 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 78 റണ്‍സ് വാരിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ മിന്നും ബാറ്റിങാണ് റോയല്‍സിനു തുണയായത്. 3 സിക്‌സുകള്‍ സഹിതം 12 പന്തില്‍ 23 റണ്‍സെടുത്ത് സഹ ഓപ്പണര്‍ സുബിന്‍ എസും തിളങ്ങി. അബ്ദുല്‍ ബാസിതാണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 24 റണ്‍സെടുത്തു. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 3 വിക്കറ്റുകള്‍ വീഴ്ത്തി. മോനു കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. മനു കൃഷ്ണന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.




Tags: