കവറൊടി മുഹമ്മദ് മാഷ്: വിപ്ലവചരിത്രത്തെ തലമുറകളിലേക്ക് കണ്ണിചേര്‍ക്കുന്ന അമൂല്യവ്യക്തിത്വം

Update: 2022-07-07 09:40 GMT

മലപ്പുറം: പൊതുപ്രവര്‍ത്തകന്‍ കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗത്തിലൂടെ 1921 ലെ മലബാര്‍ വിപ്ലവചരിത്രത്തെ തലമുറകളിലേക്ക് കണ്ണിചേര്‍ക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടിയാണ് ചരിത്രത്തിലേക്ക് യാത്രയായത്. തലമുറകള്‍ താണ്ടിയ വിപ്ലവചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികള്‍ക്ക് തീരാനഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്രസ്രോതസ് കൂടിയാണ് മണ്‍മറയുന്നത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടന്‍ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.

ആലിമുസ്‌ല്യാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളില്‍ പ്രധാനിയുമായിരുന്നു കാരാടന്‍ മൊയ്തീന്‍ സാഹിബ്. 1921 ആഗസ്ത് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്‌ല്യാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റുചെയ്തുകൊണ്ടുപോവാന്‍ സന്നാഹമൊരുക്കി വന്ന ബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതിമരിച്ച ധീരരക്തസാക്ഷിയാണ് കാരാടന്‍ മൊയ്തീന്‍. കാരാടന്‍ മൊയ്തീന്‍ അടക്കം 22 ഖിലാഫത്ത് പോരാളികളാണ് അന്നവിടെ രക്തസാക്ഷികളായത്. ശുഹദാക്കളെ തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പരിസരത്താണ് ഖബറടക്കിയിരിക്കുന്നത്.

കവറൊടി മാഷിന്റെ വലിയുമ്മയെ രണ്ടാമത് വിവാഹം കഴിച്ചത് മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ അനുയായിയും തിരൂരങ്ങാടിയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്നു പൊറ്റയില്‍ മുഹമ്മദായിരുന്നു. രണ്ട് ചരിത്രപുരുഷന്‍മാരുടെ പിന്‍മുറക്കാരനെന്ന സവിശേഷ പാരമ്പര്യം ആത്മാഭിമാനപൂര്‍വം കൊണ്ടുനടന്നയാളാണ് കവറൊടി മുഹമ്മദ് മാഷ്. മുഹമ്മദ് അബ്ദുറഹ്മാന്‍ തിരൂരങ്ങാടിയില്‍ വരുമ്പോള്‍ കിടക്കാറുണ്ടായിരുന്ന പൊറ്റയില്‍ മുഹമ്മദിന്റെ വീട്ടില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മരക്കട്ടില്‍ ആജീവനാന്തം അഭിമാനത്തോടെ കവറൊടി മുഹമ്മദ് മാഷ് സൂക്ഷിച്ചു. പൊറ്റയില്‍ മുഹമ്മദിനെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് രാജമന്‍ട്രി ജയിലിലടച്ചു.

ഏഴ് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച ധീരദേശാഭിമാനി 1928 ല്‍ ജയിലിനകത്തുവച്ചാണ് മരണത്തിന് കീഴടങ്ങിയത്. മലബാര്‍ വിപ്ലവത്തിന്റെ നേരനുഭവങ്ങള്‍ കേട്ടവരും ബാല്യകാലസ്മരണകളായി സൂക്ഷിക്കുന്നവരുമായ വിലപ്പെട്ട ഈ ചരിത്രസ്രോതസുകളെ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തി സൂക്ഷിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഗൗരവമുള്ള ശ്രമങ്ങള്‍ വേണ്ടത്ര നടന്നിട്ടില്ല എന്നതാണ് വേദനാജനകമായ യാഥാര്‍ഥ്യം. ചരിത്രത്തെ തമസ്‌കരിക്കാനും നശിപ്പിച്ച് നുണകള്‍ പകരം സ്ഥാപിക്കാനും ഔദ്യോഗിക നീക്കങ്ങള്‍ നടക്കുന്ന ഇക്കാലത്ത് കവറൊടി മാഷിനെപ്പോലുള്ള ചരിത്രത്തിന്റെ പ്രൈമറി സോഴ്‌സുകളെ അര്‍ഹിക്കുന്ന മുന്‍ഗണനയോടെ ഡോക്യുമെന്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് വേഗതയുണ്ടാവേണ്ടിയിരിക്കുന്നു.

കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വാഹനാപകട നിവാരണസമിതി (മാപ്‌സ്) ജില്ലാ പ്രസിഡന്റ്, തിരൂരങ്ങാടി പൗരസമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂര്‍ ഏഴൂര്‍ എംഡിപിഎസ്‌യുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിന്‍ കണ്‍വീനര്‍, സാക്ഷരത മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യപ്രവര്‍ത്തന മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു കവറൊടി മാഷ്.

പഴയകാല ഫോട്ടോഗ്രാഫറായിരുന്നു. അഞ്ച് പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്‌ക്യൂ മിഷ്യന്‍ ഇന്റര്‍നാഷനല്‍ അക്കാദമി കവറൊടി മുഹമ്മദിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

Tags: