കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി
പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഹൈക്കോടതി വിധിക്ക് എതിരേ സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ ഹൈക്കോടതി വിധിക്കെതിരേ തങ്ങളെ സമീപിക്കുന്നതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ പതിനഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
2021 ഫെബ്രുവരി 23-ന് ആണ് കതിരൂര്‍ മനോജ് കേസിലെ പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാകും മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഹൈക്കോടതി വിധിക്ക് എതിരേ സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ച ശേഷം സ്ഥിതി വഷളാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് നേതാവായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കം കേസില്‍ ഇരുപത്തിയഞ്ച് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി വിക്രമന് പുറമെ മറ്റ് പ്രതികളായ സി പി ജിജേഷ്, ടി പ്രഭാകരന്‍, ഷിബിന്‍, പി സുജിത്, വിനോദ്, റിജു, സിനില്‍, ബിജേഷ് പൂവാടന്‍, വിജേഷ് (മുത്തു), വിജേഷ് (ജോര്‍ജുകുട്ടി), മനോജ്, ഷാബിത്, നിജിത്, പി പി റഹീം എന്നിവര്‍ക്ക് ലഭിച്ച ജാമ്യത്തിന് എതിരെയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്.

