കശ്മീരില്‍ സായുധസേന പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു

ഇക്കഴിഞ്ഞ ആഗസ്ത് 15നു രാത്രി 11.30ഓടെ ഒരുസംഘം സായുധസേനാംഗങ്ങള്‍ പിടിച്ചുകൊണ്ടുപോയത്

Update: 2019-08-17 18:33 GMT

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനു പിന്നാലെ സായുധസേന അര്‍ധരാത്രി വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു. കശ്മീരിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍ റിപോര്‍ട്ടര്‍ ഇര്‍ഫാന്‍ അമീന്‍ മാലിക്കി(26)നെയാണ് വിട്ടയച്ചതായി ജമ്മു ആന്റ് കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്ത് 15നു രാത്രി 11.30ഓടെ ഒരുസംഘം സായുധസേനാംഗങ്ങള്‍ പിടിച്ചുകൊണ്ടുപോയത്. കശ്മീരിലെ ത്രാല്‍ സ്വദേശിയായ ഇര്‍ഫാന്‍ മാലിക് ഗ്രേറ്റര്‍ കശ്മീരിന്റെ പുല്‍വാമ റിപോര്‍ട്ടറാണ്. രാത്രി വീട്ടിലെത്തിയ സംഘം ഇര്‍ഫാനെ പിടിച്ചുകൊണ്ടുപോയെന്നു മാതാവ് ഹസീന മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. മകനെ അകാരണമായി കസ്റ്റഡിയിലെടുത്തെന്നും കൃത്യമായ വിവരം പോലിസ് കുടുംബത്തിന് നല്‍കിയില്ലെന്നും ലോക്കപ്പിലല്ല പാര്‍പ്പിച്ചതെന്നും മാതാവ് പരാതിപ്പെട്ടിരുന്നു. കശ്മീരില്‍ 370 എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് താഴ്‌വര അശാന്തമായിരിക്കെയാണ് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത്.




Tags: