പാകിസ്താന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരേ യുഎപിഎ

Update: 2021-10-26 07:23 GMT

ശ്രീനഗര്‍: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യാപാക് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരില്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് ജീവനക്കാര്‍ക്കും എതിരേ യുഎപിഎ ചുമത്തി. ശ്രീനഗര്‍ ജില്ലയിലെ രണ്ട് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് നടപടി. സൗറയിലെ ഷേര്‍ എ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കരണ്‍ നഗറിലെ ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് സംഭവങ്ങളിലും നോട്ടിസ് അയച്ചതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

സൗറ, കരണ്‍ നഗര്‍ പോലിസ് സ്‌റ്റേഷനുകളില്‍ യുഎപിഎ സെക്ഷന്‍ 13 പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജമ്മു കശ്മീര്‍ പോലിസിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം മുസ് ലിംകളെ ലക്ഷ്യമാക്കി വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നിരുന്നു. പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വ ആക്രമണത്തിന് ഇരയായി.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്താനോട് ദയനീയമായി പരായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇത് ആദ്യമായാണ് ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്നത്. മത്സരത്തിന് പിന്നാലെ തീവ്രഹിന്ദുത്വ വാദികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം സ്വത്വം മുന്‍ നിര്‍ത്തിയും വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. ഹിന്ദുത്വരുടെ സൈബര്‍ ആക്രമണത്തിനെതിരേ നിരവധി പ്രമുഖര്‍ ഷമിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

Tags: