കാസര്‍കോഡ് ഇരട്ടക്കൊല: പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൊലയിലും ഗൂഢാലോചനയിലും മുഖ്യപങ്കെന്ന് എസ്പി

കൊലയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലില്‍ പീതാംബരന് കൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Update: 2019-02-19 13:46 GMT

കാസര്‍കോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവും ഏച്ചിലടുക്കം സ്വദേശിയുമായ എ പീതാംബരന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലില്‍ പീതാംബരന് കൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


പീതാംബരന്റെ പ്രേരണയാലാണ് കൊലപാതകം നടത്തിയതെന്ന് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിലും ഗൂഢാലോചനയിലും പീതാംബരന് മുഖ്യപങ്കുണ്ട്. കസ്റ്റഡിയിലുള്ള ആറുപേരെ ചോദ്യംചെയ്തുവരികയാണ്. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്പി വ്യക്തമാക്കി. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്ന്് പോലിസിന് തുടക്കത്തില്‍തന്നെ വിവരം ലഭിച്ചിരുന്നു.

കൊലപാതകങ്ങള്‍ക്കുശേഷം ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകരായ പീതാംബരന്‍, റെജി, കുട്ടന്‍(പ്രദീപ്) എന്നിവരില്‍നിന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. പീതാംബരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി റിമാന്‍ഡിലായിരുന്ന ശരത്‌ലാല്‍ കഴിഞ്ഞയാഴ്ചയാണു പുറത്തിറങ്ങിയത്.

പീതാംബരനാണ് മകനെ കൊല്ലിച്ചതെന്ന് കൃപേഷിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ 17ന് രാത്രിയാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്.

Tags:    

Similar News