കാസര്‍കോട് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയ ശേഷമാവും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്നുപേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. പീതാംബരന്റെ പ്രേരണയാലാണ് കൊലപാതകം നടത്തിയതെന്ന് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Update: 2019-02-20 01:30 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം പെരിയ മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയ ശേഷമാവും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്നുപേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. പീതാംബരന്റെ പ്രേരണയാലാണ് കൊലപാതകം നടത്തിയതെന്ന് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിലും ഗൂഢാലോചനയിലും പീതാംബരന് മുഖ്യപങ്കുണ്ടെന്നും എസ്പി അറിയിച്ചു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്ന്് പോലിസിന് തുടക്കത്തില്‍തന്നെ വിവരം ലഭിച്ചിരുന്നു. കൊലപാതകത്തിനുശേഷം കല്ലിയോട്ടെ വീട്ടില്‍നിന്ന് ഒളിവില്‍പോയ പീതാംബരനെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിപ്രദേശത്തുനിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പിടിയിലായതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ കാംപസില്‍വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.

സ്ഥലത്തുനിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പോലിസിന്റെ നിഗമനം. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും കിട്ടിയിട്ടുണ്ട്. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് കലക്ടറേറ്റില്‍ ഉപവാസമിരിക്കും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ഉപവാസത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാത്രിയാണ് പീതാംബരനെ പോലിസ് കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News