കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന
ആരോപണ വിധേയരായവരുടെ ഭൂമിയുടെയുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കി പോലിസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നാലെ കേസിലെ 6 പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന.
ആറ് സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമാണ് പരിശോധന നടത്തുന്നത്. ആരോപണ വിധേയരായവരുടെ ഭൂമിയുടെയുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന.
അതിനിടെ, മൊഴിയെടുക്കാന്‍ വിളിപ്പിച്ച ഭരണ സമിതി അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാനായിരുന്നു ഡയറക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നത്.
വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ വായ്പാ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, കരുവന്നുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഎം തൃശൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബാങ്ക് പ്രസിഡന്റ് കെകെ ദിവാകരന്‍ അടക്കം ആറ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
