കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കും

തട്ടിപ്പിലൂടെ നേടിയ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മാണം എന്നിവയ്ക്കായി വിനിയോഗിച്ചതായുള്ള വിവരവും ഇഡിയ്ക്ക് മുന്നിലുണ്ട്.

Update: 2021-07-23 09:17 GMT

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. തട്ടിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇഡി പോലിസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തിരിമറിയിലൂടെ നേടിയ പണം എങ്ങനെയാണ് ചെലവഴിച്ചതെന്നായിരിക്കും ഇഡി പ്രധാനമായും അന്വേഷിക്കുക.

പണയപ്പെടുത്തിയ ആധാരം വീണ്ടും വീണ്ടും പണയം വെച്ച് ക്രമക്കേട് നടത്തിയതിന്റെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചെന്നാണ് റിപോര്‍ട്ടുകള്‍. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാകും ഇഡി കേസില്‍ അന്വേഷണം നടത്തുക. തട്ടിപ്പിലൂടെ നേടിയ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മാണം എന്നിവയ്ക്കായി വിനിയോഗിച്ചതായുള്ള വിവരവും ഇഡിയ്ക്ക് മുന്നിലുണ്ട്. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്ന് പേരും സിപിഎം അംഗങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം. ബാങ്ക് മാനേജറായ ബിജു കരീം, സെക്രട്ടറി ടിആര്‍ സുനില്‍, ചീഫ് അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ പാര്‍ട്ടി അംഗങ്ങളാണ്. ഇവരില്‍ ബിജു കരീം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും ടിആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മൂവരേയും പാര്‍ട്ടി പുറത്താക്കി.

സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ക്രമക്കേട് നടന്നതായി പരാതി വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. പിന്നാലെ ഇന്ന് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

Similar News