കരൂര്‍ ദുരന്തം; ഗൂഢാലോചനയുണ്ടെന്ന് തമിഴക വെട്രിക്കഴകം, ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം വേണം

Update: 2025-09-28 11:36 GMT

ചെന്നൈ: കരൂരില്‍ വിജയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രിക്കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പൂജാ അവധിയാണെങ്കിലും അടിയന്തര പ്രധാന്യം കണക്കിലെടുത്ത് കോടതി തിങ്കളാഴ്ച ഹരജി പരിഗണിച്ചേക്കുമെന്നാണ് സൂചന.

കരൂരിലെ റാലിക്കിടെ തിക്കുംതിരക്കുമുണ്ടായി 40-ഓളം പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചാണ് ടിവികെ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കരൂര്‍ ദുരന്തത്തില്‍ റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നേരത്തേ അറിയിച്ചിരുന്നു. അന്വേഷണത്തിനായി അരുണ ജഗദീഷ് കരൂരിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ റാലികള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെ തിക്കുംതിരക്കും അടക്കമുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് നിയമാനുസൃതമായി റാലികളും യോഗങ്ങളും നടക്കുന്നുണ്ടെന്ന് വിജയ് ഉറപ്പാക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗര്‍ഭിണികളും ഭിന്നശേഷിക്കാരും റാലികളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കി വിജയ് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നതായാണ് റിപോര്‍ട്ട്.