തമിഴ്നാട്: അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയിലേക്ക്!

രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം നവംബര്‍ 20-ന് മധുരയില്‍ ചേരും.

Update: 2020-11-16 13:13 GMT

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അഴഗിരി. പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ബിജെപിയും അണ്ണാ ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാനാണ് അഴഗിരിയുടെ നീക്കമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്കിലും ഡിഎംകെയ്ക്ക് തിരിച്ചടിയായേക്കാവുന്ന നീക്കവുമായാണ് അഴഗിരി രംഗത്ത് വരുന്നത്.

രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം നവംബര്‍ 20-ന് മധുരയില്‍ ചേരും. അഴഗിരി ഈ യോഗത്തില്‍ പങ്കെടുക്കും. പിറ്റേ ദിവസം ചെന്നൈയില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അഴഗിരി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. കലൈജ്ഞര്‍ ഡിഎംകെ എന്നോ, കെഡിഎംകെ. എന്ന പേരിലോ പാര്‍ട്ടി രൂപീകരിച്ച് അണ്ണാ ഡിഎംകെ. - ബിജെപി സഖ്യത്തില്‍ ചേരാനാണ് അഴഗിരിയുടെ പദ്ധതിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി റിപോർട്ട്.

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളോട് അഴഗിരി പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇങ്ങനൊരു നീക്കം നടക്കുന്നതായി തനിക്കറിയില്ല എന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനും പ്രതികരിച്ചു. ജനപിന്തുണയില്ലാത്ത അഴഗിരി എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ല എന്നാണ് ഡിഎംകെ നേതൃത്വം ഇക്കാര്യത്തോട് പ്രതികരിച്ചത്. അതും പരസ്യ പ്രതികരണമല്ല.

ഡിഎംകെയിലായിരുന്നപ്പോള്‍ മധുര കേന്ദ്രീകരിച്ചായിരുന്നു അഴഗിരിയുടെ പ്രവര്‍ത്തനം. പിന്നീട് 2014-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡിഎംകെയില്‍നിന്ന് പുറത്താക്കിയപ്പോഴും അഴഗിരി മധുരയില്‍ തുടര്‍ന്നു. ഡിഎംകെയില്‍ തിരിച്ചെടുക്കണം എന്ന ആവശ്യം സ്റ്റാലിനും പാര്‍ട്ടിയും നിരസിച്ചതോടെ കരുണാനിധി മരിച്ച് മുപ്പതാം ദിവസം അഴഗിരി ചെന്നൈയില്‍ ഒരു റാലി നടത്തിയിരുന്നു. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അറിയിച്ച റാലിയില്‍ പതിനായിരം പേര്‍ പോലും എത്തിയിരുന്നില്ല.