ദലിത് യുവാവിനെ പ്രണയിച്ചു; സവർണ യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി

കേസിൽ യുവതിയുടെ പിതാവും പ്രായപൂർത്തിയാകാത്ത പിതൃസഹോദരനടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2020-10-17 15:57 GMT

ബം​ഗളൂരു: ദലിത് യുവാവിനെ പ്രണയിച്ചതിന് സവർണ യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. കർണാടകയിലെ രാമ​ഗനാഗ്ര ജില്ലയിലാണ് സംഭവം. കേസിൽ യുവതിയുടെ പിതാവും പ്രായപൂർത്തിയാകാത്ത പിതൃസഹോദരനടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന പേരിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ജാതി കൊലപാതക സംഭവമായി മാറിയെന്നും പോലിസ് പറഞ്ഞു. ഉയർന്ന ജാതിക്കാരായ വോകാലിഗ സമുദായത്തിൽ പെട്ടതും മഗഡി താലൂക്കിലെ ബെട്ടടഹള്ളി ഗ്രാമത്തിൽ താമസിക്കുന്നതുമായ ഹേമലത (19), ദലിത് വിഭാ​ഗത്തിൽ നിന്നുള്ള പുനീഥുമായി പ്രണയത്തിലായിരുന്നു.

ഒക്ടോബർ 9ന് ബികോം വിദ്യാർഥിനിയായ കാണാതായ മകളെക്കുറിച്ച് പിതാവ് കൃഷ്ണപ്പ പരാതി നൽകിയിരുന്നു. അടുത്ത ദിവസം കൃഷ്ണപ്പയുടെ സഹോദരന്റെ കൃഷിയിടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒക്ടോബർ എട്ടിന് മൂന്നുപേരും ഹേമലതയെ കൊന്ന് മൃതദേഹം ഫാമിൽ കുഴിച്ചിട്ടു. അടുത്ത ദിവസം കൃഷ്ണപ്പ പോലിസിൽ കാണാതായതായി പരാതി നൽകുകയായിരുന്നു.

എന്നിരുന്നാലും, പുനീഥും സുഹൃത്തുക്കളും ചേർന്ന് യുവതി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാരോപിച്ച് ഹേമലതയുടെ കുടുംബാംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഒക്ടോബർ 10 ന് മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. ഹേമലതയുടെ മാതാപിതാക്കൾ ദുഖിക്കുന്നതായി കണ്ടില്ലെന്നും. കാണ്മാനില്ലെന്ന പരാതി നൽകിയത് 24 മണിക്കൂർ കഴിഞ്ഞാണെന്നും പോലിസ് പറഞ്ഞു.