ഒമിക്രോണ്‍ ബാധിച്ചയാളെ രാജ്യം വിടാന്‍ അനുവദിച്ച കൊവിഡ് റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക

സെന്‍ട്രല്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ഇദ്ദേഹത്തിന് 23നാണ് സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് റിപോര്‍ട്ട് ലഭിച്ചത്.

Update: 2021-12-03 18:09 GMT

ബംഗളുരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ ഇടയാക്കിയ നെഗറ്റീവ് കൊവിഡ് ടെസ്റ്റ് റിപോര്‍ട്ടിന്റെ സാധുതയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക. റിപോര്‍ട്ടിന്റെ സാധുത കണ്ടെത്തുന്നതിനു പോലിസില്‍ പരാതി നല്‍കാന്‍ ബംഗളുരു കോര്‍പറേഷന്‍ അധികൃതര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിയാറുകാരന്‍ കൊവിഡ് സ്ഥിരീകരിച്ച് ഏഴു ദിവസത്തിനുള്ളിലാണ് ഇന്ത്യ വിട്ടത്. ഒരു സ്വകാര്യ ലാബില്‍ നിന്നുള്ള നെഗറ്റീവ് കൊവിഡ് പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

"ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരന്, രാജ്യം വിടാന്‍ അനുവദിച്ച കൊവിഡ് -19 ടെസ്റ്റ് റിപോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കാന്‍ പോലിസിനു പരാതി നല്‍കാന്‍ ബൃഹത് ബംഗളുരു മഹാനഗര പാലിക (ബിബിഎംപി) കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്," കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന മന്ത്രിമാര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നവംബര്‍ 20 ന് ബംഗളൂരുവിലെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാവുകയായിരുന്നു. സെന്‍ട്രല്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ഇദ്ദേഹത്തിന് 23നാണ് സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് റിപോര്‍ട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയായിരുന്നു. 27 ന് ദുബയ് വഴിയാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയത്.