നാടകത്തിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്: സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിക്കെതിരേ സുപ്രിംകോടതില്‍ ഹരജി. രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയാണ് വ്യാഴാഴ്ച സുപ്രിംകോടതിയെ സമീപിച്ചത്. ഇന്ത്യന്‍ പീനല്‍കോഡിലെ 124എ (രാജ്യദ്രോഹം), 153എ(വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ബിദാറിലെ ശാഹീന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനും മറ്റ് സ്റ്റാഫുകള്‍ക്കുമെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും അധ്യാപകനും ഒരു വിദ്യാര്‍ഥിയുടെ വിധവയായ രക്ഷകര്‍ത്താവിനുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോലിസ് വിദ്യാര്‍ഥികളെ യൂനിഫോമിലെത്തി ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ നടന്ന ചോദ്യംചെയ്യല്‍ ഏറെ വിവാദമായിരുന്നു. പോലിസ് നടപടി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ലംഘിക്കുന്നതും നിയമ പ്രക്രിയയുടെ ദുരുപയോഗവുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഐപിസി 124 എ പ്രകാരമുള്ള പരാതികള്‍ പരിശോധിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും പ്രസ്തുത വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് സുപ്രിംകോടതിയുടെ വിധിന്യായങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി 21നാണ് നാല്, അഞ്ച്, ആറ് ക്ലാസ് വിദ്യാര്‍ഥികള്‍ സിഎഎയ്‌ക്കെതിരേയുള്ള നാടകം അവതരിപ്പിച്ചത്. ജനുവരി 26ന് നീലേഷ് രക്ഷാല്‍ എന്നയാള്‍ നല്‍കി പരാതിയിലാണ് രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തത്.
