കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വസംഘടനകളുടെ ആക്രമണങ്ങള്‍ക്ക് പോലിസ് ഒത്താശ: റിപോര്‍ട്ട്

Update: 2021-12-15 10:10 GMT

ബംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 'വിദ്വേഷ കുറ്റകൃത്യങ്ങളില്‍' ഏര്‍പ്പെട്ടിരിക്കുന്ന ഹിന്ദുത്വസംഘടനകള്‍ക്ക് സംസ്ഥാന പോലിസ് കൂട്ടുനില്‍ക്കുകയാണെന്ന് റിപോര്‍ട്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കെയാണ് ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ വ്യാപകമായത്. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം, ദുരുപയോഗം, ലൈംഗികാതിക്രമങ്ങള്‍, സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്‌കരണം എന്നിവയ്‌ക്കെതിരേ സംസ്ഥാനത്തെ പോലിസ് കണ്ണടയ്ക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) പുറത്തുവിട്ട റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ക്രിസ്ത്യാനികള്‍ക്കെതിരായ വേട്ടയാടലുകളെക്കുറിച്ച് വിശദമാക്കുന്ന 'ക്രിമിനലൈസിങ് ദി പ്രാക്ടീസ് ഓഫ് ഫെയ്ത്ത്' എന്ന റിപോര്‍ട്ട് ചൊവ്വാഴ്ച ബംഗളൂരുവിലാണ് സംഘടന പുറത്തിറക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മതപരിവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ 39 ആക്രമണങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. മതം ആചരിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റം മുതല്‍ ജാതീയത, തീവ്രഹിന്ദു സംഘടനകളുമായുള്ള പോലിസ് കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയിലെ പ്രാദേശിക എംഎല്‍എമാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവയ്ക്കുന്നതില്‍ പോലിസിനെ പിന്തുണച്ച ആളുകളാണ്.

ക്രിസ്ത്യാനികള്‍ക്കെതിരായ എല്ലാ ആള്‍ക്കൂട്ട അതിക്രമസംഭവങ്ങളിലും പോലിസ് ഹിന്ദുത്വ ഗ്രൂപ്പുമായി ഒത്തുകളിക്കുകയാണ്. പോലിസിന്റെ ഉത്തരത്തിലുള്ള നീക്കം അസഹിഷ്ണുതയും മതാന്ധതയുടെ സംസ്‌കാരത്തെയും പ്രോല്‍സാഹിപ്പിക്കുന്നു. ഹിന്ദുത്വഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്ന സാമൂഹിക വേര്‍തിരിവുകളുടെ ഒരു ആയുധമായി പോലിസ് മാറിയിരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മിക്കവാറും എല്ലാ അക്രമസന്ദര്‍ഭങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ അക്രമാസക്തരാവുകയോ ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പ്രധാനമായും ദൈനംദിന കൂലിത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നിവരടങ്ങിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള വിദ്വേഷ ആക്രമണങ്ങള്‍ക്കിരയാവേണ്ടിവന്നത്.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ പല കേസുകളിലും പാസ്റ്റര്‍മാരെയും വിശ്വാസികളെയും പോലിസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നിര്‍ത്താന്‍ അവര്‍ പള്ളികള്‍ക്ക് ഔപചാരിക നോട്ടീസ് പോലും നല്‍കി. സംസ്ഥാനത്തിന്റെ ഈ പരാജയത്തിലൂടെ വിദ്യാഭ്യാസം, പാര്‍പ്പിടം, ഭക്ഷണം, ഉപജീവനമാര്‍ഗം, അടിസ്ഥാന അന്തസ്സ് എന്നിവ ലഭ്യമാക്കാന്‍ കൊവിഡ് കാലത്ത് പോരാടുന്ന ഒരു ന്യൂനപക്ഷ സമൂഹത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് കാരണമായി. ആള്‍ക്കൂട്ട ആക്രമണങ്ങളെ അതിജീവിച്ച പാസ്റ്റര്‍മാരുടെ സാക്ഷ്യപത്രങ്ങളും റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഒക്‌ടോബര്‍ 17ന് ഹുബ്ബാലിയിലെ ഒരു പള്ളിക്ക് നേരെ നടന്ന ആക്രമണം പാസ്റ്റര്‍ സങ്കേത് അനുസ്മരിച്ചു,

'ഞങ്ങള്‍ പ്രാര്‍ത്ഥനായോഗം ആരംഭിച്ചപ്പോള്‍, കാവി വസ്ത്രം ധരിച്ച ചിലര്‍ പള്ളിക്കുള്ളിലേക്ക് കയറി. അവര്‍ വിശ്വാസികളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവരില്‍ ചിലര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങി. എന്നെയും വിശ്വാസികളെയും പോലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ച ശേഷം നൂറോളം പേരടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഞങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞങ്ങളെ 11 ദിവസമാണ് ജയിലിലടച്ചത്.

ചില കേസുകളില്‍ അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനുപകരം, പോലിസ് അനുരഞ്ജന സമീപനം പിന്തുടരുകയും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ക്രിസ്ത്യാനികള്‍ക്കതിരായ അതിക്രമങ്ങളില്‍ മാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുണ്ട്. മിക്ക കേസുകളിലും ക്രിസ്ത്യാനികള്‍ അവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാനും ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്നത് നിര്‍ത്താനും നിര്‍ബന്ധിക്കുന്നതാണ്.

തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ഈ ആക്രമണങ്ങള്‍ ഒരു സമൂഹത്തിന്റെ അന്തസും ജീവിക്കാനുള്ള അവകാശവും കവര്‍ന്നെടുക്കുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. ഇപ്പോള്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ യുക്തിയെയും റിപോര്‍ട്ട് ചോദ്യം ചെയ്യുന്നു. അത്തരമൊരു ബില്ല് ക്രിസ്ത്യന്‍ സമൂഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ, വിജിലന്‍സിന്റെ ആധിക്യത്തിന് കാര്‍ട്ടെ ബ്ലാഞ്ച് നല്‍കുക- റിപോര്‍ട്ട് പറയുന്നു.

Tags:    

Similar News