ഹിജാബ് വിലക്കിനെതിരേ വിമര്‍ശനം; ഹിന്ദുത്വരുടെ പരാതിയില്‍ റാണാ അയ്യൂബിനെതിരേ കര്‍ണാടകയില്‍ കേസ്

Update: 2022-03-05 07:39 GMT

ബംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ഹിന്ദു ഭീകരര്‍' എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരേ കര്‍ണാടക പോലിസ് കേസെടുത്തു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ധാര്‍വാഡ് പോലിസ് കേസെടുത്തത്.

ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ 'ഹിന്ദു ഭീകരര്‍' എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐടി സെല്‍ വോളന്റിയറായ അശ്വതി നല്‍കിയ പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് ധാര്‍വാഡിലെ വിദ്യാഗിരി പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക വ്യാപകമായി മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ഹിന്ദുത്വ ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുയും ചെയ്യുന്ന ഹിന്ദുത്വ ഗ്രൂപ്പാണ് ഹിന്ദു ഐടി സെല്‍.

'ഹിജാബ് നിരോധനത്തെക്കുറിച്ചും മുസ് ലിം സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് കര്‍ണാടകയില്‍ ഇതേ ഹിന്ദു വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതൊന്നും സത്യം പറയുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് സര്‍ക്കാരിനോടും അവരുടെ കൂട്ടാളികളോടും ഓര്‍മിപ്പിക്കുകയാണെന്ന് നിരവധി അവാര്‍ഡുകള്‍ നേടിയ മാധ്യമപ്രവര്‍ത്തകയായ റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

നേരത്തെയും റാണാ അയ്യൂബിനെതിരേ ഹിന്ദുത്വര്‍ ഭരണകൂടത്തിന്റെയും പോലിസിന്റെയും ഒത്താശയോടെ നിരവധി കള്ളക്കേസുകള്‍ എടുത്തിരുന്നു. യുപി പോലിസാണ് ഇതില്‍ മുന്നില്‍. ഇതേ വഴിയിലാണ് കര്‍ണാടക പോലിസും നീങ്ങുന്നതെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.

റാണാ അയ്യൂബിന് നേരെയുള്ള നിരന്തരമായ സ്ത്രീവിരുദ്ധവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ നിയോഗിച്ച സ്വതന്ത്ര അവകാശ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും സ്ത്രീകളുടെ മനുഷ്യാവകാശ സംരക്ഷകയുമായ റാണാ അയ്യൂബിനെതിരേ തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം തീവ്രമാക്കുന്നതായും കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെ ബാധിക്കുന്ന വിഷയങ്ങളില്‍ റാണാ അയ്യൂബിന്റെ റിപോര്‍ട്ടുകള്‍, പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം, കര്‍ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും അടുത്തിടെ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ എന്നിവയുടെ ഫലമായാണ് ഇപ്പോള്‍ റാണാ അയ്യൂബിനെതിരേ ആക്രമണം നടത്തുന്നത്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച 'ഗുജറാത്ത് ഫയല്‍സ് അനാട്ടമി ഓഫ് എ കവര്‍' എന്ന പുസ്തകം പുറത്തിറക്കിയതോടെയാണ് റാണാ അയ്യൂബിനെതിരേ സംഘപരിവാരം രംഗത്തുവരാന്‍ തുടങ്ങിയത്.

Tags: