കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മുഹമ്മദ് നബിയും യേശുവും ടിപ്പുവും ഭരണഘടനയും പുറത്ത്

Update: 2020-07-28 15:21 GMT

ബെംഗളൂരു: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയ്ക്കുന്നതിന്റെ പേരില്‍ കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടന, മുഹമ്മദ് നബി, യേശു ക്രിസ്തു, ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവ വെട്ടിമാറ്റി. സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ പേരിലാണ് സാമൂഹിക ശാസ്ത്രത്തില്‍ വെട്ടിനിരത്തല്‍ നടത്തിയത്. ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരു ചരിത്രത്തെക്കുറിച്ചും ഭരണാധികാരികളായ ഹൈദരലി, ടിപ്പു സുല്‍ത്താന്‍ എന്നിവരെ കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നാണ് അധികൃതരുടെ വാദം.

    ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠഭാഗത്തില്‍ നിന്നാണ് ഭരണഘടനയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കുറിച്ചുള്ള ചരിത്രഭാഗവും നീക്കം ചെയ്തവയില്‍പെടും. ഇവരുടെയെല്ലാം ചരിത്രം ഒമ്പതാം ക്ലാസിലും പഠിക്കാനുണ്ടെന്നതിനിലാണ് ഒഴിവാക്കുന്നതെന്നാണ് ന്യായീകരണം. ഒന്നുമുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ച കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റി വെബ്‌സൈറ്റില്‍ അപ് ലോഡ് ടെയ്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കൊവിഡ് കാരണം സപ്തംബര്‍ ഒന്നിന് അധ്യയനം തുടങ്ങി 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കാനാണു തീരുമാനിച്ചതെന്നും 2020-21 വര്‍ഷത്തേക്ക് മാത്രമാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. നേരത്തേ സിബിഎസ് ഇ സിലബസില്‍ നിന്ന് ഫെഡറലിസം, മതേതരത്വം തുടങ്ങിയവ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

    കര്‍ണാടകയില്‍ ബിജെപി നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏറ്റതുമുതല്‍ കാവിവല്‍ക്കരണത്തിനു ശ്രമം നടക്കുന്നുണ്ട്. നേരത്തേ, ടിപ്പു ജയന്തി ഉള്‍പ്പെടെ ഔദ്യോഗികമായി ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ടിപ്പു സുല്‍ത്താന്റെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മുമ്പും ശ്രമം നടത്തിയിരുന്നു. 2019 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മൈസൂരുവിന്റെ ചരിത്രം ടിപ്പു സുല്‍ത്താന്റെ ആമുഖം ഇല്ലാതെ പൂര്‍ണമാവില്ലെന്നു കണ്ടെത്തി പാഠഭാഗം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തിരുന്നു. 

Karnataka: Lessons on Tipu Sultan, Jesus, Mohammed cut in some textbooks

Tags:    

Similar News