ക്രിസ്ത്യൻ പള്ളിയിൽ മതപരിവർത്തനമെന്ന് സംഘപരിവാർ ആരോപണം; പിന്നാലെ പോലിസ് റെയ്ഡ്

നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് സംഘപരിവാർ സംഘടനയായ ഹിന്ദു ജാഗരണ വേദികെ പരാതി നൽകിയതിനു പിന്നാലെയായിരുന്നു പോലിസ് നടപടി.

Update: 2022-06-08 16:23 GMT

ബംഗളൂ​രു: ദക്ഷിണ കന്നഡ ജില്ലയിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന സംഘപരിവാർ സംഘടനയുടെ പരാതിയെ തുടർന്ന് പോലിസ് റെയ്ഡ് നടത്തി. ദക്ഷിണ കന്നഡയിലെ കൊണാലുവിൽ മോറിയ റിട്രീറ്റ് സെന്ററിലാണ് പരിശോധന നടന്നത്.

നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് സംഘപരിവാർ സംഘടനയായ ഹിന്ദു ജാഗരണ വേദികെ പരാതി നൽകിയതിനു പിന്നാലെയായിരുന്നു പോലിസ് നടപടി. ശനിയാഴ്ച രാത്രി 27 പേർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലിസ് സംഘം ഇവിടെ എത്തിയത്.

എന്നാൽ, ഹിന്ദു ജാഗരണ വേദികെ ആരോപിച്ചത് പോലെയല്ല കാര്യങ്ങളെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നതെന്നും അവർ സ്വമേധയാ ഒത്തുകൂടിയതാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 27 പേരെയും അവരുടെ വീടുകളിലേക്ക് തിരിച്ചയച്ചതായും മോറിയ റിട്രീറ്റ് സെന്ററിനെതിരേ പോലിസ് കേസെടുത്തിട്ടില്ലെന്നും സോനവാനെ പറഞ്ഞു. വ്യാജ പരാതി ഉന്നയിച്ചതിന് ഹിന്ദുത്വ സംഘടനക്കെതിരേ ഒരു നടപടിയും പ്രാർത്ഥനാലയം അധികൃതർ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപോർട്ട് ചെയ്തു.