ഹിജാബ് നിരോധനം: ഹൈക്കോടതി വിധി ഇന്ന്; നിരോധനാജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-03-15 01:20 GMT

ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍ബുര്‍ഗിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കര്‍ണാടകയില്‍ ബെല്‍ഗാവി, ഹസ്സന്‍, ദേവാന്‍ഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തിലും പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതോടെയാണ് ഉഡുപ്പിയില്‍ ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ഹിന്ദുത്വ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന് ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടാകുകയും സ്‌കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തു.

Tags:    

Similar News