ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ നടപടി കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചു

Update: 2023-07-14 12:36 GMT

ബെംഗളൂരു: ബിജെപി അധികാരത്തിലിരിക്കെ ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ നടപടി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ മരവിപ്പിച്ചു. ആര്‍എസ്എസ് ബന്ധമുള്ള 'ജനസേവ ട്രസ്റ്റി'ന് ബൊമ്മൈ സര്‍ക്കാര്‍ ബെംഗളൂരു സൗത്തില്‍ തവരേക്കരയിലുള്ള കുറുബരഹള്ളിയില്‍ 35.33 ഏക്കര്‍ ഭൂമി നല്‍കിയ നടപടിയാണ് പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ മരവിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ വിവിധ സംഘടനകള്‍ക്ക് പതിച്ചുനല്‍കിയ മറ്റു ഭൂമി സംബന്ധിച്ചും സിദ്ധരാമയ്യ സര്‍ക്കാര്‍ പുനപരിശോധന നടത്തും.

    ഇക്കഴിഞ്ഞ സെപ്തംബറിലാണ് ആര്‍എസ്എസ് ട്രസ്റ്റിന് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ബിജെപിയെ വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ കൈമാറിയ ഭൂമികളുടെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട അദ്ദേഹം വിശദമായ റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാര ബന്ധമുള്ള ജനസേവ ട്രസ്റ്റിന് 35.33 ഏക്കര്‍ ഭൂമി നല്‍കിയ നടപടി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ റദ്ദാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബൊമ്മൈ ഭരണകൂടം പതിച്ചുനല്‍കിയ മറ്റു ഭൂമികള്‍ക്കും ഉത്തരവ് ബാധകമാണെന്നും മന്ത്രി കൃഷ്ണ ബൈരെ വ്യക്തമാക്കി. മൃഗങ്ങള്‍ക്ക് മേയാന്‍ വേണ്ടി ഒഴിച്ചിട്ട സര്‍ക്കാര്‍ ഭൂമി(ഗോമാല)യാണ് ആര്‍എസ്എസ് ട്രസ്റ്റിന് ഉള്‍പ്പെടെ പതിച്ചുനല്‍കിയിരുന്നത്. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) 2018ല്‍ വ്യക്തമാക്കിയിരുന്നെങ്കിലും ബൊമ്മൈ സര്‍ക്കാര്‍ ഇതിനെ മറികടന്നാണ് നടപടിയെടുത്തിരുന്നത്. അതേസമയം, ഭൂമി നല്‍കിയത് റദ്ദാക്കിയെന്നു കാണിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനസേവ ട്രസ്റ്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍ പറഞ്ഞു.

Tags: