ബംഗളൂരു ഈദ്ഗാഹ് മൈതാനിയില്‍ ഗണേശോല്‍സവം നടത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

Update: 2022-08-28 10:04 GMT

ബംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനിയില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ നടത്താനൊരുങ്ങി ബിജെപി സര്‍ക്കാര്‍. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്ന മൈതാനിയില്‍ എല്ലാ മത, സാംസ്‌കാരിക പരിപാടികളും നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. വഖ്ഫ് ബോര്‍ഡും നഗര ഭരണകൂടമായ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യും തമ്മില്‍ തര്‍ക്കമുടലെടുത്തതിനെ തുടര്‍ന്നാണ് ചാമരാജ്‌പേട്ടയിലെ ഭൂമി ഈ മാസം ആദ്യം റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു.


 ആഗസ്ത് 31ന് നടക്കുന്ന വിനായക ചതുര്‍ഥി (ഗണേശോല്‍സവം) ആഘോഷം ഉള്‍പ്പെടെയുള്ള തങ്ങളുടെ മതപരിപാടികള്‍ ഈദ്ഗാഹ് മൈതാനത്തില്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട കര്‍ണാടക ഹൈക്കോടതി, എല്ലാവിധ മത, സാംസ്‌കാരിക പരിപാടികളും ഈദ്ഗാഹ് മൈതാനിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാമെന്ന് വെള്ളിയാഴ്ച ഉത്തരവിട്ടത്. ആഗസ്ത് 31 മുതലായിരിക്കണം നടപടിയെന്നും കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് അന്നേദിവസം നടക്കാനിരിക്കുന്ന ഗണേശോല്‍സവത്തിന് ഈദ്ഗാഹ് മൈതാനിയില്‍ അനുമതി നല്‍കാന്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറല്‍, റവന്യൂ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും- ബൊമ്മൈ പിടിഐയോട് പ്രതികരിച്ചു. നമ്മുടേത് ബഹുമത രാജ്യമാണെന്ന് വിലയിരുത്തി ചാമരാജ് പേട്ടയിലെ ഈദ്ഗാഹ് മൈതാനം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സമാധാനം നിലനിര്‍ത്തിക്കൊണ്ട് എല്ലാവരുടെയും ആഗ്രഹങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. അത് സര്‍ക്കാര്‍ ചെയ്യും. കോടതി ഉത്തരവ് മുഴുവനായി പഠിക്കും. തുടര്‍ന്ന് ഞായറാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.

ഗണേശ ചതുര്‍ത്ഥി ഉല്‍സവം മൈതാനത്ത് ആഘോഷിക്കാന്‍ ഹിന്ദുത്വ സംഘടനകളും സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം, ഹൈക്കോടതി ഉത്തരവ് ബിജെപി നേതാക്കള്‍ ആഘോഷമാക്കിയിരിക്കുകയാണ്. 'ബംഗളൂരുവിലെ ചാമരാജ് പേട്ടിലുള്ള ഈദ്ഗാഹ് മൈതാനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തിന് വിടാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ താന്‍ സ്വാഗതം ചെയ്യുന്നു. പൗരന്‍മാരും സംഘടനകളും പ്രകടിപ്പിക്കുന്ന ആഗ്രഹപ്രകാരം ഈ ഭൂമിയില്‍ സാംസ്‌കാരികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണം- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയിലെ നേതാവുമായ സി ടി രവി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ചത്തെ ഇടക്കാല ഉത്തരവില്‍ ഈദ് ഗാഹ് മൈതാനം മുസ്‌ലിം ആഘോഷങ്ങള്‍ നടത്താനും മറ്റ് സമയങ്ങളില്‍ കളിസ്ഥലമാക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന് സിംഗിള്‍ ജഡ്ജി ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് കേസ് തീര്‍പ്പാക്കി. രണ്ടേക്കര്‍ ഭൂമിയില്‍ മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് അനുവദിക്കാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Tags:    

Similar News