കര്‍ണാടക: വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്; പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്
10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ശനിയാഴ്ച രാജിവച്ചത്. സ്പീക്കറുടെ തീരുമാനം വരുന്നതിന് മുന്നോടിയായി സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കരുനീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവയ്പ്പിച്ച് വിമതരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടും വഴങ്ങാത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് മറ്റ് വഴികള്‍ ആലോചിക്കുന്നത്.
ബംഗളൂരു: കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ശനിയാഴ്ച രാജിവച്ചത്. സ്പീക്കറുടെ തീരുമാനം വരുന്നതിന് മുന്നോടിയായി സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കരുനീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവയ്പ്പിച്ച് വിമതരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടും വഴങ്ങാത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് മറ്റ് വഴികള്‍ ആലോചിക്കുന്നത്. തിങ്കളാഴ്ചയാണ് വിമതരെ അനുനയിപ്പിക്കാന്‍ 21 കോണ്‍ഗ്രസ് മന്ത്രിമാരും 9 ജെഡിഎസ് മന്ത്രിമാരും രാജിവച്ചത്. ഇവര്‍ സ്വമേധയാ രാജി സമര്‍പ്പിച്ചതാണെന്നും രാജിക്കത്തുകള്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറുമെന്നും ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നടത്തുന്ന അവസാനശ്രമവും പരാജയപ്പെട്ടാല്‍ രാജിവച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇന്ന് രാവിലെ 9.30ന് വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎല്‍എമാര്‍ക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തിനെത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. 'തമിഴ്‌നാട്' മോഡലില്‍ എംഎല്‍എമാരെ അയോഗ്യരാക്കി സര്‍ക്കാരിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വിമതര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിച്ച് എംഎല്‍എമാരാവാനുള്ള വിമതരുടെ നീക്കം പാളും.
തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനൊപ്പം പോയതിന്റെ പേരില്‍ എംഎല്‍എമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. സ്പീക്കര്‍ക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാര്‍ട്ടി ചീഫ് വിപ്പിന്റെ ശുപാര്‍ശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അതുവഴി കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യസര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിഷേധിച്ച് നില്‍ക്കുന്ന എംഎല്‍എമാരില്‍ കുറച്ചുപേരെ കിട്ടിയാല്‍ കേവലഭൂരിപക്ഷം തികയ്ക്കാം. ഇതിനുള്ള തന്ത്രങ്ങള്‍ മെനയാനാണ് ഡി കെ ശിവകുമാര്‍ നേരിട്ട് മുംബൈയിലെത്തി എംഎല്‍എമാരെ കാണാന്‍ ശ്രമിക്കുന്നത്. ജെഡിഎസ് എംഎല്‍എമാര്‍ ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. എംഎല്‍എമാരുമായി കോണ്‍ഗ്രസും ജെഡിഎസും ഗവര്‍ണറെ കണ്ടേക്കും.
അതേസമയം, രണ്ടാഴ്ച മുമ്പ് മന്ത്രിമാരായ രണ്ടുപേര്‍കൂടി രാജിവച്ച് വിമതരോടൊപ്പം ചേര്‍ന്നതോടെ കര്‍ണാടകയിലെ ജനതാദള്‍ (എസ്)- കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായി. സ്വതന്ത്രനായ എച്ച് നാഗേഷ്, കെപിജെപി എന്ന ഏകാംഗ പാര്‍ട്ടിയുടെ ആര്‍ ശങ്കര്‍ എന്നിവരാണ് ബിജെപി പക്ഷത്തേക്കു മാറിയ മന്ത്രിമാര്‍. ഇതോടെ 224 അംഗ നിയമസഭയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ 104 ആയി കുറഞ്ഞു. 107 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്.

