മുംബൈയില്‍ കര്‍ണാടക എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു
വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. എന്നാല്‍, താന്‍ റിനൈസന്‍സ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
മുംബൈ: കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച് തടയാന്‍ നീക്കം. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലിസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. എന്നാല്‍, താന്‍ റിനൈസന്‍സ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ഞാന്‍ പോവില്ല. ഇന്നു മുഴുവന്‍ ഇവിടെ കാത്തുനില്‍ക്കും-ശിവകുമാര്‍ പോലിസിനോട് പറഞ്ഞു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു. എന്നെ മുറിയിലേക്ക് പോവാന്‍ അനുവദിക്കണം. എനിക്ക് സുഹൃത്തുക്കളെ കണ്ട് സംസാരിക്കണം. ചായ കുടിക്കണം- പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, തൊട്ടടുത്തുള്ള ഗസ്റ്റ് ഹൗസില്‍ ചായ കുടിക്കാന്‍ അവസരമൊരുക്കാമെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്. തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.
