'മുഖ്യമന്ത്രിയായി' സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ; കെട്ടിപ്പിടിച്ച് യെദ്യൂരപ്പ

മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക്‌ സൃഷ്ടിച്ചത്.

Update: 2019-08-20 14:39 GMT

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സാക്ഷിയായത് നാടകീയ നിമിഷങ്ങള്‍ക്ക്. മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക്‌ സൃഷ്ടിച്ചത്. മന്ത്രി എന്നതിന് പകരം ഇദ്ദേഹം മുഖ്യമന്ത്രി എന്ന് തെറ്റായി ഉച്ചരിക്കുകയായിരുന്നു. മധു ശര്‍മയുടെ നാക്ക് പിഴ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, 'മുഖ്യമന്ത്രിയായി' സത്യ പ്രതിജ്ഞ ചെയ്ത മധുശര്‍മയെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിക്കുകയാണ് യെദ്യൂരപ്പ ചെയ്തത്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. 17 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ രൂപീകരിക്കാന്‍ അമിത് ഷാ യദ്യൂരപ്പയ്ക്കു നിര്‍ദേശം നല്‍കിയത്.

അര്‍ധരാത്രിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. വിവാദങ്ങളില്‍ സ്ഥിരം പങ്കാളികളായവരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. റെഡ്ഡി സഹോദരന്‍മാരുടെ അടുത്തയാളായ ശ്രീരാമുലുവാണ് ഇതില്‍ പ്രധാനി. തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദമുണ്ടാക്കുന്ന സിടി രവിയാണ് മറ്റൊരു നേതാവ്. കെഎസ് ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍, ശശികല അന്നാസാഹേബ് ജോളി, എന്നീ പ്രമുഖരും ഇടംനേടിയിട്ടുണ്ട്. ശശികല മാത്രമാണ് മന്ത്രിസഭയിലെ ഏക വനിത.

അതേസമയം, സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ക്ക് വന്‍ പ്രാമുഖ്യമാണ് മന്ത്രിസഭയില്‍ ലഭിച്ചത്. മുഖ്യമന്ത്രിയടക്കം എട്ടുപേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നാണ്.

Tags:    

Similar News